പ്രമുഖ ബ്രാൻഡായ സാംസങ്, സ്മാർട്‌ഫോൺ നിർമാണം വിയറ്റ്‌നാമിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതി. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് സ്‌കീ(പിഎൽഐ)മിൽ ഉൾപ്പെടുത്തിയാണ് സാംസങ് രാജ്യത്ത് ഉത്പാദനം തുടങ്ങുക. രാജ്യത്ത് ഇലക്ട്രോണിക് ഉപകരണ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതിയാണിത്.
അഞ്ചുവർഷത്തിനുള്ളിൽ 4000 കോടി ഡോളർ(മൂന്നുലക്ഷം കോടി രൂപ)മൂല്യമുള്ള സ്മാർട്‌ഫോണുകൾ നിർമിക്കാനുള്ള പദ്ധതി സാസംങ് സർക്കാരിന് നൽകിയിട്ടുണ്ട്. 15,000 രൂപ ഫാക്ടറി മൂല്യമുള്ള ഫോണുകൾ നിർമിച്ച് കയറ്റുമതി ചെയ്യും. ഈ വിഭാഗത്തിൽ 2,500 കോടി ഡോളർ മൂല്യമുള്ള ഫോണുകളാകും രാജ്യത്ത് നിർമിച്ച് കയറ്റുമതിചെയ്യുക. ദക്ഷിണ കൊറിയയിൽ കൂലി കൂടുതലായതിനാൽ അവിടത്തെ ഉത്പാദനം പൂർണമായും നിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സാംസങിന്റെ മൊത്തം സ്മാർട്‌ഫോൺ ഉത്പാദനത്തിന്റെ 50ശതമാനവും നിലവിൽ വിയറ്റ്‌നാമിലാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കടുതൽ സ്മാർട്‌ഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്‌നാം.