തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദവുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫയലുകൾ വിളിപ്പിച്ചു. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്.
ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിൽക്കൂടി ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടുവകുപ്പുകളിൽ നിന്നും മുഖ്യമന്ത്രി ഫയലുകൾ വിളിപ്പിച്ചത്.
അതേസമയം, പദ്ധതി സിഇഒ യു.വി. ജോസിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ തീരുമാനിച്ചു. ലൈഫ് മിഷൻ ധാരണാപത്രത്തിൽ സർക്കാരിനുവേണ്ടി ഒപ്പുവച്ചത് യു.വി. ജോസാണ്. ബന്ധപ്പെട്ട രേഖകളും ഇഡിക്കു മുന്നിൽ ഹാജരാക്കാൻ നിർദേശമുണ്ട്.
സർക്കാർ അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ സർക്കാരിൻറെ രണ്ടേക്കറിൽ 140 ഫ്ലാറ്റ് നിർമ്മിക്കാൻ കരാർ നൽകിയതിന് സ്വപ്നയ്ക്ക് കമ്മീഷൻ നൽകിയതായി യുണിടെക് നിർമ്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.