മുളന്തുരുത്തി: മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി പോലീസ് ഏറ്റെടുത്തു. വിശ്വാസികളുടെ പ്രതിഷേധത്തിനിടെ പള്ളിയുടെ ഗെയ്റ്റ് പൊളിച്ചാണ് പോലീസ് പള്ളിക്കകത്ത് കടന്നത്. വിശ്വാസികളേയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം അറസ്റ്റ് ചെയ്ത് നീക്കിയാണ് പള്ളി ഏറ്റെടുത്തത്.
പള്ളി ഏറ്റെടുത്ത് താക്കോൽ കൈമാറാൻ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുലർച്ച പോലീസ് നടപടിയിലേക്ക് കടന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് കോടതി കേസ് പരിഗണിക്കുന്നുണ്ട്. അത് വരെ സമയം വേണമെന്നും ഏറ്റെടുക്കരുതെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാഭരണകൂടം അത് നിരസിച്ചു.
ഞാറാഴ്ച രാത്രി മുതൽ തന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നിലയുറപ്പിച്ചിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് ജില്ലാ ഭരണകൂടവും പോലീസും സംഭവസ്ഥലത്തെത്തി നടപടികളിലേക്ക് കടന്നത്. പോലീസ് പള്ളിയിൽ പ്രവേശിക്കാതിരിക്കാൻ പള്ളിക്ക് അകത്തുള്ള വിശ്വാസികൾ പ്രതിരോധം തീർത്തു. ഗേറ്റ് അടച്ച് പൂട്ടി വിശ്വാസികൾ പ്രതിരോധ മതിൽ തീർത്തു. സബ് കളക്ടർ അടക്കം ആവശ്യപ്പെട്ടിട്ടും വിശ്വാസികൾ വഴങ്ങാതെ വന്നതോടെ ഗേറ്റ് പോലീസ് മുറിച്ചുമാറ്റി തള്ളിക്കയറുകയായിരുന്നു.
കോവിഡ് ഭീതിയുള്ളതിനാൽ പോലീസ് പിപിഇ കിറ്റ് ധരിച്ചാണ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയത്. മെത്രാപ്പോലീത്തമാർക്കും വൈദികർക്കും ഒട്ടേറെ വിശ്വാസികളും പരിക്കേറ്റു. കോവിഡ് കാലത്ത് മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രൽ ഓർത്തഡോക്‌സ് പക്ഷം പിടിച്ചെടുക്കുന്നതിനെതിരേ ദിവസങ്ങളായി ഉപവാസ സമരം നടന്നുവരുകയായിരുന്നു. സമരത്തിൽ പങ്കെടുക്കാൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയും കഴിഞ്ഞ ദിവസം എത്തിയിരുന്നു.