കോട്ടയം: കോട്ടയം ജില്ലയിൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനം വർധിക്കുന്നു. ഇന്ന് പോസിറ്റീവായ 76 കേസുകളിൽ 66 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. പത്തുപേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. ജില്ലയിൽ പുതിയതായ് 1350 കോവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 24 പേർ രോഗമുക്തരായി. നിലവിൽ 504 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1793 പേർക്ക് രോഗം ബാധിച്ചു. 1286 പേർ രോഗമുക്തരായി.
ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ 13 പേർക്കു സമ്പർക്കം മുഖേന രോഗം ബാധിച്ചു. കോട്ടയം മുനിസിപ്പാലിറ്റി 11, വിജയപുരം ഗ്രാമപഞ്ചായത്ത് 9, വൈക്കം മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്ആറു വീതം എന്നിവയാണ് സമ്പർക്ക വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ.
വിദേശത്തുനിന്ന് വന്ന 97 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 45 പേരും ഉൾപ്പെടെ 254 പേർക്ക് പുതിയതായി ക്വാറന്റേയ്ൻ നിർദേശിച്ചു. 844 പേർ ക്വാറന്റേയ്ൻ പൂർത്തിയാക്കി. ജില്ലയിൽ നിലവിൽ 9515 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.