തിരുവനന്തപുരം: കള്ളക്കടത്തിൻറെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും, മുഖ്യമന്ത്രിക്ക് സർക്കാരിനെ നയിക്കാൻ സാധിക്കുന്നില്ലെന്നും വി.ഡി. സതീശൻ എംഎൽഎ. ഇടതുപക്ഷ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിൻറെ ഓഫീസിൽ തന്നെയാണ് മുഖ്യ പ്രശ്നം. വ്യക്തമായ പദ്ധതിയുമായാണ് സ്വർണക്കടത്ത് സംഘം എത്തിയത്. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. എന്ത് ചോദിച്ചാലും ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാറ്റിൻറെയും ഉത്തരവാദിത്തം ശിവശങ്കറിൻറെ തലയിൽ കെട്ടിവക്കുന്നുവെന്നും സതീശൻ ആരോപിച്ചു. ലൈഫ് മിഷനിലും തട്ടിപ്പ് നടന്നു, ധാരണാപത്രം ഒപ്പിട്ട ശേഷം തുടർ കരാറിൽ ഏർപ്പെട്ടില്ല. നാലര കോടി കൈക്കൂലി അറിയാം എന്ന് ധനമന്ത്രി സമ്മതിച്ചു. നാലര കോടി മാത്രം അല്ല അഞ്ച് കോടി ആർക്ക് പോയി എന്നതും അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കൂടാതെ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻറെ ടെണ്ടർ തുക അദാനിക്ക് ചോർത്തി നൽകിയെന്നും സതീശൻ ആരോപിച്ചു. കൺസൾട്ടൻസി രാജിനെ കുറിച്ച് ധവള പത്രം ഇറക്കണം. എല്ലാം അറിയുന്ന ധനമന്ത്രി നോക്കു കുത്തിയെ പോലെ ഇരിക്കുകയാണ്. കടം എടുക്കൽ മാത്രം ആണ് ധനമന്ത്രിയുടെ ജോലി.