ന്യൂഡൽഹി: നീറ്റ്, എൻജിനിയറിംഗ് പ്രവേശനപരീക്ഷയായ ജെഇഇ എന്നിവയുടെ നടത്തിപ്പിനുള്ള സുരക്ഷാ പ്രോട്ടോക്കോൾ തയാറായി. പരീക്ഷ ദിവസം കോവിഡ് ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർഥികൾ ഹാജരാക്കണമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. പനിയോ, ഉയർന്ന താപനിലയോ ഉള്ളവരെ പ്രത്യേകമായി തയാറാക്കിയ മുറിയിൽ പരീക്ഷ എഴുതിക്കും.
വിദ്യാർഥികൾക്ക് ശരീര പരിശോധന ഉണ്ടാകില്ല. പരീക്ഷ ഹാളിൽ ഫേസ് മാസ്ക് ഉപയോഗിക്കാൻ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഗ്ലൗസുകൾ, മാസ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കും. പരീക്ഷ
ഹാളിലുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക കുടിവെള്ള ബോട്ടിലുകളിൽ വെള്ളം ഉറപ്പാക്കണമെന്നും മാർഗ്ഗ രേഖയിൽ വിശദീകരിച്ചിട്ടുണ്ട്. പരീക്ഷ ഹാളിൽ ഉള്ള അധ്യാപകരും മാസ്കുകളും ഗ്ലൗസുകളും ധരിക്കണം എന്നും സുരക്ഷാ മാർഗ്ഗ രേഖയിൽ വിശദീകരിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 11 വിദ്യാർഥികളാണ് ഹർജി നൽകിയിരുന്നത്. പരീക്ഷ നടത്താതിരുന്നതുകൊണ്ട് രാജ്യത്തിനു നഷ്ടവുമുണ്ടാകില്ല. എന്നാൽ, വിദ്യാർഥികൾക്ക് ഒരു അധ്യയനവർഷം നഷ്ടമാകുമെന്നും ജസ്റ്റീസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി.