ന്യൂഡൽഹി: കോൺഗ്രസിന്റെ താൽകാലിക പ്രസിഡന്റായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. ആറു മാസത്തേക്കാണ് പദവിയിൽ തുടരുക. പിന്നീട് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും. ഇടക്കാല നേതൃപദവി ഒഴിയാൻ ഒരുക്കമാണെന്നും സോണിയ അറിയിച്ചിട്ടും നീണ്ട ഏഴു മണിക്കൂർ നീണ്ട ചർച്ചയിൽ നിന്ന് പാർട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്താനായില്ല.
പാർട്ടിയിൽ അടിമുടി മാറ്റം വേണമെന്നും ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ പ്രസിഡൻറാകണമെന്നും ചൂണ്ടിക്കാട്ടി 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം സോണിയയ്ക്കു നൽകിയിരുന്നു. ഇതിനു പിന്നാലെ സോണിയ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റൊരു നേതാവിനെ തെരഞ്ഞെടുക്കാൻ യോഗത്തിൽ സാധിച്ചില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവച്ചതിനുശേഷം സോണിയ ഇടക്കാല പ്രസിഡ ൻറായി ചുമതലയേൽക്കുകയായിരുന്നു. രാഹുൽ പദവി ഒഴിഞ്ഞതിനും സോണിയ ഇടക്കാല അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനും ഇടയിൽ എഐസിസി നേതൃ ത്വത്തിൽനിന്ന് ഒന്നിലധികം പേരുകൾ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു.