കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ കൊന്ന കേസിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പോലീസ് വിശദമായ് ചോദ്യം ചെയ്തുവരികയാണ്.
കണ്ണവം സ്വദേശി സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ (30) ആണ് ചൊവ്വാഴ്ച വൈകീട്ട് വെട്ടേറ്റു മരിച്ചത്. കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം സലാഹുദ്ദീനെ ആക്രമിക്കുകയായിരുന്നു. ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലായിരുന്നു സംഭവം.
രണ്ട് സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽനിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരുന്നതിനിടെ കാറിന് പിന്നിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് സലാഹുദ്ദീൻ വാഹനത്തിൽനിന്ന് ഇറങ്ങി. ഈ സമയം രണ്ടുപേർ പിന്നിൽനിന്ന് വടിവാൾ കൊണ്ട് വെട്ടുകയായിരുന്നുവത്രെ. തുടർന്ന് അക്രമിസംഘം രക്ഷപ്പെട്ടു.