ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 44,65,864 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,172 പേർ കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75062 ആയി. 1.68 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്. 3,469,084 പേർ രോഗമുക്തി നേടുകയും ചെയ്തു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ബിഹാർ, തെലുങ്കാന, ഒഡീഷ എന്നവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന 10 സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ 9,43,772വും ആന്ധ്രയിൽ 5,17,094മാണ് കോവിഡ് ബാധിതരുടെ എണ്ണം. തമിഴ്നാട്ടിലും കർണാടകത്തിലും നാല് ലക്ഷത്തിനു മുകളിലും ഉത്തർപ്രദേശിൽ രണ്ടു ലക്ഷത്തിനു മുകളിലുമാണ് കോവിഡ് ബാധിതർ.
ഏഴ് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുണ്ട്. കേരളത്തിലെ വൈറശ് ബാധിതരുടെ എണ്ണം 93,000കടന്നു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ന്യൂഡൽഹി എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ.