ന്യൂഡൽഹി: ബോളിവുഡ് നടി റിയാ ചക്രബർത്തിയുടെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. സെപ്റ്റംബർ 22 വരെ റിയ ജയിലിൽ കഴിയേണ്ടി വരും. റിയയെ കൂടാതെ സഹോദരൻ ശൗവിക് ചക്രബർത്തിയുടെയും അറസ്റ്റിലായ മറ്റള്ളവരുടെയും ജാമ്യാപേക്ഷ മുംബൈ കോടതി തള്ളിയിട്ടുണ്ട്. നേരത്തേ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പുതിയ ജാമ്യാപേക്ഷ. ബൈക്കുളയിലെ വനിത ജയിലിലാണ് റിയ കഴിയുന്നത്.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിൻെറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറ്സറ്റ് ചെയ്തത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസിൽ തന്നെ തെറ്റായി പ്രതി ചേർത്തതാണെന്നുമായിരുന്നു റിയയുടെ വാദം.
കുറ്റസമ്മതം നടത്താൻ ഉദ്യോഗസ്ഥർ തന്നെ നിർബന്ധിച്ചതായും ജുഡീഷ്യൽ കസ്റ്റഡിയിൽ തൻെറ ജീവൻ അപകടത്തിലാണെന്നും ജാമ്യാപേക്ഷയിൽ വാദിച്ചു. അന്വേഷണം മാനസികമായി ഏറെ തകർത്തു. കുറ്റസമ്മതമെല്ലാം താൻ പിൻവലിച്ചതായും റിയയുടെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.