തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗത്തെ തള്ളി പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ. മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാണിച്ചുവെന്നും, രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും നിയമസഭയിൽ നിന്ന് വിട്ടുനിന്ന ജോസ് മാണി വിഭാഗം മുന്നണിയെ പിന്നിൽനിന്ന് കുത്തുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. യു.ഡി.എഫ് യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല വിമർശനവുമായ് രംഗത്ത് എത്തിയത്.
കെ.എം. മാണിയെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിച്ച എൽഡിഎഫിനോടാണ് ജോസ് കെ. മാണി ഇപ്പോൾ അടുപ്പം പുലർത്തുന്നത്. കെ.എം. മാണി എല്ലാക്കാലത്തും യുഡിഎഫിനൊപ്പം നിലകൊണ്ടിരുന്ന നേതാവായിരുന്നു. ജോസ് പക്ഷത്തെ ഔദ്യോഗികമായി മുന്നണിയിൽനിന്ന് പുറത്താക്കിയെന്ന് പരസ്യമായി യു.ഡി.എഫ്. പറഞ്ഞിട്ടില്ല. സാങ്കേതികമായി അവർ പുറത്ത് എന്നതുതന്നെയാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാട്.
ജോസ് കെ. മാണി വിഭാഗം ഇനി യു.ഡി.എഫിൽ തുടരുന്നത് ശരിയാണോ എന്ന് ജനങ്ങൾ ചിന്തിക്കും അതിനും ജോസ് വിഭാഗം മറുപടി നൽകണം. അതേസമയം യു.ഡി.എഫിൽ തുടരാൻ ആഗ്രഹിക്കുന്ന ജോസ് വിഭാഗം നേതാക്കളുണ്ടെങ്കിൽ അവർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുമെന്ന വാഗ്ദാനവും യു.ഡി.എഫ്. മുന്നോട്ടുവെച്ചിട്ടുണ്ട്.
സർക്കാരിനെതിരേയും അദ്ദേഹം രൂക്ഷ വിമർശനം നടത്തി. സംസ്ഥാനത്തിൻറെ ക്രമസമാധാന നില തകർന്നു. അഴിമതിയിലും തീവെട്ടിക്കൊള്ളയിലും സർക്കാർ മുങ്ങിത്താഴുകയാണ്. കോവിഡ് കാലത്ത് ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു.
സർക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിൻറെ ഭാഗമായി ഈ മാസം 22ന് സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹ സമരം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.