കൊച്ചി: സ്വർണക്കടത്ത് കേസ്, ബംഗളുരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ബിനീഷിന്റെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ബിനീഷുമായി ബന്ധപ്പെട്ട മറ്റു ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക. താൽക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എൻഫോഴ്സ്മെൻറ് വൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ ഇഡി ഓഫീസിൽ രാവിലെ 10ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 10 വരെ നീണ്ടു. ബിനീഷിനു ബന്ധമുള്ള തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യം ഉയർന്നു. യുഎഇ കോൺസലേറ്റിലെ വിസ സ്റ്റാന്പിംഗ് സേവനങ്ങൾ ചെയ്തിരുന്ന തിരുവനന്തപുരത്തെ യുഎഎഫ്എക്സ് കന്പനി, ബിനീഷിൻറെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ടു കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടും ചോദ്യമുണ്ടായി.
നേരത്തെ യു.എ.എഫ്.എക്സ്. സൊലൂഷൻസ് ഉടമ അബ്ദുൾ ലത്തീഫിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. അബ്ദുൾ ലത്തിഫ് നൽകിയ മൊഴിയും ബിനീഷ് കോടിയേരി നൽകിയ മൊഴിയും തമ്മിൽ ചില വൈരുധ്യങ്ങളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. കമ്പനികളുടെ മറവിൽ ബിനാമി, ഹവാല ഇടപാടുകളിലൂടെ ബിനീഷ് സ്വർണക്കടത്ത് സംഘവുമായി ബസപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ബംഗളൂരുവിലെ ബി കാപ്പിറ്റൽ ഫൈനാൽഷൽ സൊലൂഷ്യൻസ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിൻറെ പേരിലുള്ളത്.
തിരുവനന്തപുരത്തെ യുഎഎഫ്എക്സ് എന്ന സ്ഥാപനത്തിൽ ബിനീഷിനു പങ്കുണ്ടെന്ന ആരോപണവുമുണ്ട്. ഈ കമ്പനിയെ കോൺസലേറ്റിനു പരിചയപ്പെടുത്തിയതു താനാണെന്നു സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രധാന പ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദും ബിനീഷും തമ്മിലുള്ള അടുത്ത ബന്ധം ഇതിനിടെ പുറത്തുവന്നിരുന്നു. സ്വർണക്കടത്ത് സംഘം ഫണ്ട് കണ്ടെത്താൻ അനൂപ് ഉൾപ്പെട്ട മാഫിയയുടെ സഹായം തേടിയതായും വിവരം ലഭിച്ചിരുന്നു. സ്വർണക്കടത്തിൻറെ സൂത്രധാരനായ കെ.ടി. റമീസ് വഴിയായിരുന്നു മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ടത്. ലഹരി കടത്തും സ്വർണക്കടത്തും തമ്മിൽ ബന്ധമുണ്ടെന്നു സ്ഥാപിച്ചുകൊണ്ടുള്ള അന്വേഷണമാണ് എൻഫോഴ്സ്മെൻറ നടത്തുന്നത്.