ഉത്തർപ്രദേശ്: ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് ടാക്സി ഡ്രൈവറെ അടിച്ചുകൊന്നതായി ആരോപണം. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. നോയിഡ ത്രിലോക് പുരി സ്വദേശി അഫ്താബ് ആലം എന്ന 45 കാരനാണ് മരിച്ചത്.
കൊലപാതകത്തിന് മുൻപ് ജയ് ശ്രീറാം വിളിക്കാൻ അക്രമികൾ ആവശ്യപ്പെടുന്നത് ഫോണിലൂടെ കേട്ടിരുന്നതായാണ് അഫ്താബിൻറെ മകൻ മുഹമ്മദ് സാബിർ പറയുന്നത്. പിതാവ് അപകടത്തിലാണെന്ന് മനസിലായതോടെ കോൾ റെക്കോർഡ് ചെയ്തെന്നും സാബിർ പറഞ്ഞു. എന്നാൽ ഇത് പോലീസ് നിഷേധിച്ചു.
ബുലന്ദ്ഷഹറിൽ നിന്ന് ദൽഹിയിലേക്കുള്ള യാത്രാ മധ്യേയാണ് രണ്ട് പേർ അഫ്താബിന്റെ ടാക്സിയിൽ കയറിയത്. കാർ തട്ടിയെടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് ഇവർ കാറിൽ കയറിയത്. അക്രമികൾ എന്തോ വാങ്ങിക്കാനായി കടയിൽ നിർത്തിയപ്പോൾ ഉണ്ടായ സംഭാഷണമാണിതെന്നിന്നും, അഫ്താബിനോട് ആവശ്യപ്പെടുന്നതല്ല എന്നുമാണ് പോലീസിൻറെ വാദം.