കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവവുമായ ബന്ധപ്പെട്ട് സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും. റംസിയുടെ ഗർഭം അലസിപ്പിക്കാൻ ലക്ഷ്മിയാണ് പ്രേരിപ്പിച്ചതെന്ന് റംസിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കേസിൽ അറസ്റ്റിലായ പ്രതിശ്രുത വരൻ ഹാരിസിൻറെ സഹോദരൻറെ ഭാര്യയാണു ലക്ഷ്മി.
ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ നിശ്ചയത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്താണ് റംസി എന്ന യുവതി കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. നിലവിൽ നടിയും കേസിൽ ആരോപണ വിധേയരായവരും ഒളിവിലാണ്. അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
ലക്ഷ്മിയെയും ഭർത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണും പോലീസിൻറെ കസ്റ്റഡിയിലാണ്. ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമാകുമെന്നു പോലീസ് അറിയിച്ചു.
പലപ്രാവശ്യം യുവാവ് വീട്ടുകാരിൽനിന്ന് പണവും ബിസിനസ് ആവശ്യത്തിനായി സ്വർണവും കൈപ്പറ്റിയിരുന്നതായും യുവതിയുടെ രക്ഷിതാക്കൾ പറയുന്നു. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.