തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതോടെ മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗികൾ കൂടുന്നതോടെ വെൻറിലേറ്ററുകൾക്കും ക്ഷാമം വരുമെന്നും ടീച്ചർ പറഞ്ഞു. എറണാകുളം മെഡിക്കൽ കോളജിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോൾ തന്നെ വെൻറിലേറ്ററുകൾക്കു ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രായമുള്ളയാളുകളിലേക്കു രോഗം പടർന്നാൽ വെൻറിലേറ്റർ തികയാതെ വരുമെന്നും മന്ത്രി പറഞ്ഞു. ഏത്ര രോഗികൾ വന്നാലും ആരും റോഡിൽ കിടക്കേണ്ട അവസ്ഥയുണ്ടാവരുത്. എല്ലാവർക്കും ശ്രദ്ധ ലഭിക്കണം. കോളനികളിൽ രോഗം പടരാൻ അനുവദിക്കരുത്. ഇക്കാര്യത്തിൽ എംഎൽഎമാർ ജാഗ്രതയോടെ ഇടപെടണം. ആർക്കെങ്കിലും രോഗം വന്നാൽ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.