ന്യൂഡൽഹി: ഇന്ത്യയും കോവിഡിനെതിരായ വാക്സിൻ പരീക്ഷണം നിർത്തിവെച്ചു. വാക്സിൻറെ മൂന്നാം ഘട്ട പരീക്ഷണമാണ് പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് താല്ക്കാലികമായി നിർത്തിവച്ചത്. ഡ്രഗ്സ് കൺട്രോളറുടെ നോട്ടീസിനു പിന്നാലെയാണ് പരീക്ഷണം നിർത്തിയത്.
ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നടത്തുന്നത്. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യുടെ കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കുന്നത് വരെ വാക്‌സിൻ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
വാക്‌സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിലൊരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് വാക്‌സിൻ നിർമാണത്തിൽ സർവകലാശാലയ്‌ക്കൊപ്പം കൈകോർക്കുന്ന ഔഷധനിർമാണ കമ്പനിയായ ആസ്ട്രസെനേക അറിയിച്ചിരുന്നു. ഓക്‌സ്ഫഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിൻ പരീക്ഷണം യു.കെയിൽ താത്കാലികമായി നിർത്തിവെച്ചിരുന്നു.
അമേരിക്കയിൽ മരുന്ന് പരീക്ഷണം നിർത്തിയിട്ടും ഇന്ത്യയിൽ തുടരാൻ ഇടയായ സാഹചര്യം വിശദികരിക്കാനാവശ്യപ്പെട്ടാണ് ഡിസിജിഐ നോട്ടീസ് നൽകിയത്. മറ്റ് രാജ്യങ്ങളിൽ പരീക്ഷണം നിർത്തിവച്ചത് എന്തുകൊണ്ട് അറിയിച്ചില്ല, വാക്സിൻ പരീക്ഷണത്തിൻറെ പാർശ്വഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പ് നല്കിയില്ല എന്നീ ചോദ്യങ്ങളുന്നയിച്ചായിരുന്നു കാരണം കാണിക്കൽ നോട്ടീസ്.
വാക്സിൻറെ പാർശ്വഫലംമൂലമാണു രോഗം ബാധിച്ചതെന്നാണു നിഗമനം. സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണ്. പരീക്ഷണങ്ങൾക്കിടെ രോഗമുണ്ടാകാൻ സാധ്യതയുണ്ട്. പരീക്ഷണം നിർത്തിവച്ചത് സാധാരണ നടപടിക്രമമാണെന്ന് അസ്ട്രസെനേക്ക അധികൃതർ പറഞ്ഞു. പാർശ്വഫലമെന്നു സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നും അസ്ട്രസെനേക്ക അധികൃതർ കൂട്ടിച്ചേർത്തു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ 17 നഗരങ്ങളിലാണ് കോവിഡ് വാക്‌സിനായുള്ള ക്ലിനിക്കൽ ട്രയൽ നടത്തിവന്നിരുന്നത്.