കൊച്ചി: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായ് ബിനീഷ് കോടിയേരി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ(ഇഡി) ഓഫീസിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ബിനീഷ് എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആറ് ദിവസത്തെ സാവകാശം ബിനീഷ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അത് തള്ളിയിരുന്നു.
ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യൽ നടക്കുകയെന്നാണ് വിവരം. ബിനീഷിൻറെ രണ്ട് ബിസിനസ് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 2015 നുശേഷം രജിസ്റ്റർചെയ്ത രണ്ട് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാൽ, കമ്പനികൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. അനധികൃത ഇടപാടുകൾ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചിലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. അവയുടെ ലൈസൻസും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാർഥ്യ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകൾ ഈ കമ്പനികളുടെ മറവിൽ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കും.
ബിനീഷ് ബിസിനസിന് സാമ്പത്തിക സഹായം നൽകിയിരുന്നതായി മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. അനൂപുമായി ബിനീഷ് പലതവണ ടെലഫോണിൽ ബന്ധപ്പെട്ടതിൻറെ തെളിവുകളും പുറത്തു വന്നിരുന്നു. തിരുവനന്തപുരത്തെ യുഎഎഫ് എക്‌സ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ നിന്ന് തനിക്ക് കമ്മീഷൻ ലഭിച്ചുവെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടർമാരിലൊരാളായിട്ടുള്ള അബ്ദുൾ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്ന വിവരങ്ങൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപെടലുകൾ നടത്തിയെന്ന വിവരവുമുണ്ട്. ഇതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.