തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നു വയ്ക്കാനും സർക്കാരും പ്രതിപക്ഷവും ധാരണയിലെത്തി. ഇന്ന് വീഡിയോ കോൺഫറൻസായി നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ 16-ന് രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സർവകക്ഷി യോഗത്തിലെ തീരുമാനം കമ്മിഷനെ പാർട്ടികൾ അറിയിക്കും. കോവിഡ് വ്യാപനവും പാർട്ടികളുടെ അഭിപ്രായ ഐക്യവും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന് സർക്കാർ കേന്ദ്ര കമ്മിഷനോട് അഭ്യർഥിക്കും.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനത്തിനനുസരിച്ചു തീരുമാനമെടുക്കാമെന്നും സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നതിനോട് ബിജെപി യോജിക്കുകയാണ് ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നവംബറിൽ തെരഞ്ഞെടുപ്പുകൾ അസാധ്യമാണെന്ന നിലപാടിലാണ് ഭരണ-പ്രതിപക്ഷങ്ങൾ.
നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായം രമേശ് ചെന്നിത്തല യുഡിഎഫ് നേതാക്കളെ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ നടത്താനാണു ധാരണയായിരിക്കുന്നത്.