ന്യൂഡൽഹി: കോവിഡ് പരിശോധനയിൽ പുതിയ നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ദ്രുത പരിശോധനയിൽ കോവിഡ് നെഗറ്റീവാണെങ്കിലും ലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന പുതിയ നിർദേശം.
കോവിഡ് രോഗബാധയുടെ വ്യാപനം തടയുന്നതിന് പോസിറ്റീവ് കേസുകളൊന്നും ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പുവരുത്തണമെന്ന് നിർദേശത്തിൽ പറയുന്നു. റാപ്പിഡ് ആൻറിജൻ ടെസ്റ്റിൻറെ ഉപയോഗം സംസ്ഥാനങ്ങൾ വർധിപ്പിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ നിർദേശം നൽകിയിരിക്കുന്നത്. ആൻറിജൻ ടെസ്റ്റിൽ തെറ്റായ ഫലങ്ങളുടെ ഉയർന്ന നിരക്കാണെന്നത് ഐസിഎംആർ പോലും അംഗീകരിച്ചതാണെന്നും കേന്ദ്രം അറിയിച്ചു.
ഇന്ത്യയിലെ കോവിഡ് നിരക്ക് പ്രതിദിനം ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റീവ് നിരക്ക് 8.4 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,735 കോവിഡ് കേസുകളാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്.ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ നിലവിൽ 9.19 ലക്ഷത്തിലധികം കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.