പ്രിയപ്പെട്ടവർക്ക് നൽകാൻ സർപ്രൈസ് ഗിഫ്റ്റുകൾ പ്ലാൻ ചെയ്യുമ്പോൾ അതെന്നും ഓർക്കാൻ തക്കതും, ഒരുമിച്ചുള്ള ഓർമ്മകളെ താലോലിക്കുന്നവയുമാണെങ്കിലെന്ന് ആഗ്രഹിക്കാത്ത ഏത് മനുഷ്യനാണുള്ളത്.
സമ്മാനങ്ങൾ കൊടുക്കുന്നവരുടെയും,കൈപ്പറ്റുന്നവരുടെയും സന്തോഷമാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് പറയുകയാണ് കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയായ ഫിദ ഫാരിഷ. പേപ്പർ ക്രാഫ്റ്റിംഗ് എന്ന പുതിയ സംരംഭത്തിലൂടെ സോഷ്യൽ മീഡിയയിൽ ഓളങ്ങൾ സൃഷ്ടിച്ചു മുന്നേറുകയാണ് ഫിദയുടെ കടലാസുതോണി.
ഫിദ അവളുടെ കുഞ്ഞു സംരംഭത്തിന് തിരഞ്ഞെടുത്ത പേരിൽ തന്നെ ഒരു വ്യത്യസ്തതയുണ്ട്. "ആർക്കും എപ്പോഴും ഓർക്കാൻ കഴിയുന്ന ഒരു പേരാവണം എന്നുണ്ടായിരുന്നു. ബാല്യത്തിന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന നൊസ്റ്റാൾജിയ നൽകുന്നൊരു പേര്. അത് മാത്രമല്ല, ഒരു കടലാസുതോണിയിൽ നിനാണല്ലോ ഒരു കുട്ടി കരവിരുതിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് തന്നെ" ഫിദ പറയുന്നു. ബാല്യത്തിലെ ആ ഓർമ്മകൾ തന്നെയാണ് വീണ്ടും അവളെ ഇതേ വഴിയിൽ കൊണ്ടു ചെന്നെത്തിച്ചത്.
" യൂ.പി സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്ഥിരമായി ശാസ്ത്രമേളയിൽ ഒക്കെ പങ്കെടുക്കാറുണ്ടായിരുന്നു. ഉമ്മമ്മയാണ് അന്നും ഇന്നും എന്റെ വലം കൈ. ഉമ്മമ്മ ടെയ്ലർ ആണ്.
അന്ന് ചെറുതായൊക്കെ വരക്കുമായിരുന്നു". പിന്നെ ചെറിയ ക്ലാസ് ഒക്കെ കഴിഞ്ഞതോടെ ആ ഭാഗം തന്നെ തിരിഞ്ഞു നോക്കാതെയായെന്ന് ഫിദ.
അപ്പോഴേക്കും അവളുടെ മനസ്സിൽ മെഡിസിൻ പഠനം ഒരു വലിയ സ്വപ്നമായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ അവളുടെ ജീവിതത്തെ കടലാസ് കഷ്ണങ്ങൾ മാറ്റി മറിച്ചു. ഒരിക്കൽ ഒരു കൂട്ടുകാരിയുടെ നിർബന്ധത്തിന് വഴങ്ങി ചെയ്തു കൊടുത്ത ഗ്രീറ്റിംഗ് കാർഡ് അവളുടെ ജീവിതത്തിന് വഴിത്തിരിവായി. ഗ്രീറ്റിംഗ് കാർഡിന് ആവശ്യക്കാർ വന്ന് തുടങ്ങി. ഓർഡറുകൾ കിട്ടി തുടങ്ങി. മെല്ലെ മെല്ലെയവൾ പേപ്പർ ക്രാഫ്റ്റിംഗിനേ ക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും തുടങ്ങി.
സ്ക്രാപ്പ് ബുക്, ഡയറി , ആനിവേഴ്സറി ആൽബം, ബെർത്തടെ കാർഡ്, എക്സ്‌പ്ലോഷൻ ബോക്സ്, ചോക്ലേറ്റ് ഹാമ്പർ
തുടങ്ങി ഫിദയുടെ കൈവിരുതിൽ വിരിയുന്ന സമ്മാനങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഓരോ വർക് കിട്ടുമ്പോഴും കസ്റ്റമറുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ ചോദിച്ചറിയുന്ന ഫിദ അവരുടെ ഇഷ്ടത്തിനൊത്തും,ബഡ്ജറ്റിനൊത്തും ആകർഷകമായ ഡിസൈനുകളിൽ വർക്കുകൾ ചെയ്തു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കസ്റ്റമേഴ്സിന്റെ നല്ല പ്രതികരണങ്ങൾ ആണ് ഫിദയെ കൂടുതൽ സന്തോഷവതിയാക്കുന്നത്. ഒരു തവണ വർക് ഏല്പിച്ചവർ തന്നെ വീണ്ടും തന്നെ സമീപിക്കുമ്പോൾ ചെയ്യുന്ന ജോലിയേ കൂടുതൽ പ്രണയിച്ചു വരികയാണ് ഫിദ.
കൂടുതൽ പരീക്ഷണങ്ങളും, കണ്ടെത്തലുകളുമായി ആത്മവിശ്വാസത്തോടെ അവൾ മുന്നോട്ട് പോവുന്നു.
ഇനിയും സ്വന്തം പാഷൻ കണ്ടെത്തിയിട്ടില്ലാത്തവരോട് ഫിദയ്ക്ക് ഒന്നേ പറയാനുള്ളൂ; "എല്ലാവർക്കും ഒരു ലക്ഷ്യം ഉണ്ടാവും എങ്കിലും രണ്ടാമതായി നമ്മൾ മാറ്റി വെച്ച, അറിയാതെ മറന്നു കളഞ്ഞ ഒരു കാര്യമുണ്ടാവും അതൊന്ന് പൊടി തട്ടിയെടുത്താൽ ഉറപ്പായും നിങ്ങൾക്ക് നിങ്ങളുടെ പാഷൻ കണ്ടെത്താനാവും അതിലൂടെ സന്തോഷത്തെ വീണ്ടെടുക്കാനാവും."
ഫിദ അവളുടെ പാഷൻ കണ്ടുപിടിച്ചു. ഇനിയവൾ മെഡിസിൻ എന്ന സ്വപ്നലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.