തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സിപിഎം ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്വപ്നയും എം.ശിവശങ്കറും കിണഞ്ഞു ശ്രമിക്കുകയാണ്. സര്‍ക്കാരും പൊലീസും ഒത്തുകളിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വർണക്കടത്ത് കേസും ലഹരിമരുന്ന് കച്ചവടത്തെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കാൻ സർക്കാരും സി പി എമ്മും ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കേസിൽ കുടുങ്ങുമെന്ന് മനസ്സിലായപ്പോഴാണ് കേസ് അട്ടിമറിക്കാൻ സിപിഎമ്മും സർക്കാരും ചേർന്ന് സംഘടിത നീക്കം നടത്തിയതെന്ന് ചെന്നിത്തല പറഞ്ഞു.
അഴിമതിക്കെതിരെയുള്ള ഇടതുമുന്നണി സമരം ജനത്തെ കബളിപ്പിക്കാനാണ്. സ്വർണക്കടത്ത് കേസിൽ തന്റെ പങ്ക് വെളിവാകുമെന്ന് വന്നപ്പോഴാണ് അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത്. മുഖ്യമന്ത്രിയുടെ സ്വരം മാറിയതു സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ്.
ബാർ കോഴക്കേസിൽ ഏത് അന്വേഷണത്തെ നേരിടാനും തയാറാണ്. ബിജു രമേശിന്റെ പഴയ വെളിപ്പെടുത്തലിലാണ് ഇപ്പോഴത്തെ അന്വേഷണം. കേസെടുത്ത് നിശബ്ദനാക്കാമെന്ന് കരുതേണ്ട. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. രണ്ടുതവണ അന്വേഷിച്ച് തള്ളിയതുമാണ്. ബിജു രമേശിന്‍റെ ശബ്ദരേഖ വ്യാജമെന്നു തെളിഞ്ഞതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.