തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി നടപ്പിലാക്കുന്നതിനു മുൻപ് പൊലീസ് ആസ്ഥാനത്തുനിന്ന് നിയമോപദേശം തേടണമെന്ന് ഡിജിപിയുടെ സർക്കുലർ. ഓർഡിനൻസ് നടപ്പിലാക്കില്ലെന്നു സർക്കാർ വ്യക്തമാക്കിയെങ്കിലും പിന്‍വലിച്ചിട്ടില്ല. നിലവിലുള്ള നിയമം നടപ്പിലാക്കരുതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള സര്‍ക്കുലറില്‍ ഡിജിപി നിർദേശിച്ചിരിക്കുന്നത്.
‘21–ാം തീയതി ഇറങ്ങിയ ഓർഡിനൻസിൽ 118 എ വകുപ്പ് ചേർത്തിട്ടുള്ള സാഹചര്യത്തിൽ ആ വകുപ്പനുസരിച്ച് കേസെടുക്കാൻ പരാതികൾ ലഭിക്കാനിടയുണ്ട്. നിയമ നടപടി എടുക്കുന്നതിനു മുൻപ് പൊലീസ് ആസ്ഥാനത്തെ ലീഗൽ സെല്ലുമായി ബന്ധപ്പെട്ട് വിശദീകരണം തേടണം’– ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു. ഓർഡിനൻസിനെതിരെ പാർട്ടിയിലും മുന്നണിയിലും സംസ്ഥാനത്തൊട്ടാകെയും ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് നിയമഭേദഗതിയിൽനിന്ന് സർക്കാർ പിന്മാറിയിരുന്നു. നിയമഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയിൽ ചര്‍ച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.