പമ്പ: 22–ാം വർഷവും ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് നടന്നെത്തി സുരേഷ്, അതും ഒറ്റക്കാലിൽ. ഊന്നുവടിയുടെ സഹായത്തോടെയാണ് കോവിഡ് പ്രതിസന്ധികളെ വകവയ്ക്കാതെ സുരേഷ് നടന്നെത്തിയത്. 74 ദിവസമെടുത്താണ് ആന്ധ്രയിലെ നെല്ലൂരിൽ നിന്നും സുരേഷ് ശബരിമല സന്നിധാനത്തെത്തിയത്.
പത്ത് വർഷം മുൻപ് ഒരു അപകടത്തിലാണ് സുരേഷിന് കാൽ നഷ്ടമാകുന്നത്. അപകടത്തിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയതിന് അയ്യപ്പനോടുളള വഴിപാടായിട്ടാണ് കാൽനടയായി ദർശനത്തിന് എത്തിയത്. വെർച്വൽ ക്യു മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ശബരിമലയിൽ ദർശനം ലഭിക്കൂ എന്ന് തിരുപ്പതിയിൽ എത്തിയപ്പോഴാണ് അറിയുന്നത്. അവിടെ ബുക്ക് ചെയ്യാൻ നോക്കി എങ്കിലും ബുക്കിങ് പൂർത്തിയായതിനാൽ നടന്നില്ല. എങ്കിലും നിരാശപ്പെട്ടില്ല. അയ്യപ്പനെ മനസ്സിൽ ധ്യാനിച്ചു കാൽനട യാത്ര തുടർന്നു. ഏതെങ്കിലും കാരണവശാൽ ബുക്കിങ് കിട്ടിയില്ലെങ്കിൽ സന്നിധാനത്ത് എത്താൻ കഴിയാതെ വരുമോ എന്ന ആശങ്കയായിരുന്നു സുരേഷിന്.
നടന്ന് കമ്പത്ത് എത്തിയപ്പോഴാണ് തീർഥാടകരുടെ എണ്ണം തിങ്കൾ മുതൽ വെള്ളി വരെ രണ്ടായിരമായി ഉയർത്തിയത് അറിയുന്നത്. അവിടെയുള്ള ഒരു ഭക്തൻ വെർച്വൽ ക്യൂ വിൽ ബുക്ക് ചെയ്തു നൽകി. നിലയ്ക്കൽ എത്തിയപ്പോൾ കോവിഡ് പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പു വരുത്തി. വീണ്ടും നടന്നു. സന്നിധാനത്തിൽ എത്തി അയ്യപ്പ ദർശനം നടത്തുകയായിരുന്നു.