ഇന്ത്യയിൽ എത്ര കർഷകരുണ്ടെന്ന് ചോദിച്ചാൽ സർക്കാരിൻറെ പക്കൽ കൃത്യമായ കണക്കുകളില്ല എന്നതാണ് വാസ്തവം. ഏതാണ്ട് 14.5 കോടിയോളം കർഷകർ ഇന്ത്യയിലുണ്ടെന്നാണ് പ്രൈം മിനിസ്റ്റേർസ് കിസാൻ യോജനയിലെ കണക്കുകൾ വിശകലനം ചെയ്യുമ്പോൾ മനസ്സിലാകുന്നത്. ഇതിൽ 86 ശതമാനം പേരും അഞ്ച് ഏക്കറിൽ താഴെ മാത്രം കൃഷിഭൂമിയുള്ള ചെറുകിട കർഷകരാണ്. എന്നാൽ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത എന്തെന്നാൽ 12,000 ഓളം കർഷകർ ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നുവെന്നതാണ്..
കാര്യങ്ങൾ ഇങ്ങനെയൊക്കെയായിട്ടും ജനാധിപത്യത്തിൻറെ സാമാന്യ മര്യാദകൾ പോലും പാലിക്കാതെ, പ്രതിപക്ഷ സ്വരങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ട് കാർഷികമേഖലയെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഓർഡിനൻസുകളാണ് ബില്ലുകളായി കേന്ദസർക്കാർ രാജ്യസഭയിൽ പാസാക്കിയെടുത്തിരിക്കുന്നത്.. അതിനാൽതന്നെ തികച്ചും അനിവാര്യമായ പ്രതിഷേധ തീയിൽ ആളിക്കത്തുകയാണ് രാജ്യമിപ്പോൾ...
എന്താണ് കർഷക സംഘടനകൾ കാർഷിക ബില്ലിനെ ഇങ്ങനെ എതിർക്കാൻ കാരണം?
നിലവിൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസെർസ് മാർക്കറ്റിംഗ് കമ്മറ്റികൾ വഴിയാണ് കർഷകർ അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. ഈ കമ്മിറ്റികളിലെ ഏജൻറുമാർക്കാണ് കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത്. ഇത്തരം കമ്മറ്റികളുടെ വിപണികൾ വഴി പിന്നീട് ഈ ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തോ പുറത്തോ വിപണനം ചെയ്യുന്നു. കർഷകർക്ക് അർഹമായ വില ഉറപ്പു വരുത്തുക എന്നതാണ് ഇത്തരം കമ്മറ്റികളുടെ ലക്ഷ്യം. എന്നാൽ സുതാര്യമായ ഈ സംവിധാനത്തെ തകർത്തുകൊണ്ടാണ് കേന്ദ്രസർക്കാർ ഫാർമേർസ് എംപവർമെൻറ് ആൻഡ് എഗ്രിമെൻറ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020 നടപ്പാക്കുന്നത്..
എ.പി.എം.സികൾ ഇല്ലാതാകുന്നതോടെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വൻകിട കോർപ്പറേറ്റുകൾക്ക് നേരിട്ട് വിൽക്കാം. അതുകൊണ്ട് തന്നെ തങ്ങൾക്കനുകൂലമായ വില നിശ്ചയിച്ച് കോർപ്പറേറ്റുകൾക്ക് കർഷകരെ നിഷ്പ്രയാസം ചൂഷണം ചെയ്യാൻ സാധിക്കുമെന്നാണ് കർഷക സംഘടനകളുടെ വാദം. സാധാരണക്കാരായ കർഷകർക്ക് വൻകിട വ്യവസായികളുമായി നിയമയുദ്ധം ചെയ്യാനാകുമോ? ഇല്ലെന്നുതന്നെ പറയാം..
താങ്ങുവില ഇല്ലാതാകും എന്നതാണ് ഈ ബില്ലുകളിലെ അപകടകരമായ മറ്റൊരു വസ്തുത. അതായത് മാർക്കറ്റിൽ ഒരു കാർഷിക ഉത്പന്നത്തിന് വിലയിടിവ് സംഭവിച്ചാൽ സർക്കാർ നിശ്ചയിക്കുന്ന ഒരു താങ്ങുവിലയിൽ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകും എന്നതാണത്.
താങ്ങുവില ഇല്ലാതാകുന്നതോടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകാതെ കർഷകർ പിന്നെയും കടക്കെണിയിലാകും. കാർഷിക മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് എസൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെൻറ്) ആക്ട് 2020. സ്റ്റോക്ക് ഹോൾഡിങ് ലിമിറ്റ് എടുത്തു കളഞ്ഞു എന്നുള്ളതാണ് ഈ ബില്ലിൻറെ മറ്റൊരു അപാകതയായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. അതായത് സ്റ്റോക്ക് ചെയ്യാവുന്ന കാർഷിക ഉത്പന്നങ്ങൾക്ക് ഇനി മുതൽ പരിധിയുണ്ടാകില്ല. അതുകൊണ്ട് തന്നെ കോർപ്പറേറ്റുകൾക്ക് പരിധികളില്ലാതെ കാർഷികോൽപ്പന്നങ്ങൾ ഇനി സ്റ്റോക്ക് ചെയ്യാം.
പിന്നീട് മാർക്കറ്റിൽ ഈ ഉത്പന്നങ്ങൾക്ക് ഡിമാൻറ് കൂടുമ്പോൾ കൂടിയ വിലക്ക് കമ്പനികൾക്ക് വിൽക്കുകയും ചെയ്യാം. ചുരുക്കത്തിൽ കാർഷിക മേഖലയിൽ വൻകിട കോർപ്പറേറ്റുകൾക്ക് ഇഷ്ടാനുസരണം കൈകടത്താനുള്ള ലൈസൻസാണ് കാർഷിക ബില്ലുകൾ പാസാക്കിയതിലൂടെ സർക്കാർ ചെയ്തിരിക്കുന്നത് എന്നാണ് കർഷകർ ഉന്നയിക്കുന്ന ആക്ഷേപം.
എ.പി.എം.സികൾക്ക് പൂർണമായും അധികാരം നഷ്ടമാകുന്നതോടെ വൻകിട കോർപ്പറേറ്റുകൾക്ക് ആവശ്യമാംവിധം തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാമെന്നും, കർഷകർ മാർക്കറ്റിൽ നിന്നും പൂർണമായും പുറന്തള്ളപ്പെടുമെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു. പതിനായിരത്തിലേറെ കർഷകർ വർഷംതോറും ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്ത് തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പേലും ഇനി കോർപറേറ്റുകളുടെ ഔദാര്യത്തിനായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കിയേ തീരൂ...
അതിനായി രാജ്യം മുഴുവൻ പ്രതിഷേധച്ചൂടിലാണ്. നഗര, ഗ്രാമ വ്യത്യാസങ്ങളില്ലാതെ കർഷകർ തെരുവിലാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ പൊള്ളിയൊലിച്ച കാലുകളുമായി നമുക്കുവേണ്ടിക്കൂടി അവർ സമരം ചെയ്യുകയാണ്. തങ്ങളുടെ വിയർപ്പിൻറെ വില കുത്തക കമ്പനികൾ നിശ്ചയിക്കാതിരിക്കാൻ തെരുവിലിറങ്ങിയ കർഷകരെ പിന്തുണക്കേണ്ടത് നമ്മുടെ കടമയാണെന്നത് മറക്കരുത്.