കൊച്ചി: ചൂടും പൊടിയും തിരക്കുമേറിയ കൊച്ചി നഗരത്തിനുള്ളില്‍ ശാന്തഭാവത്തോടെ ഇന്നും നിലനില്‍ക്കുന്ന ഒരു വനമുണ്ട്.. സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള പക്ഷിസങ്കേതം കൂടിയായ മംഗളവനം..! കേരളത്തിലെ പക്ഷിസങ്കേതങ്ങളില്‍ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക പക്ഷി സങ്കേതമാണ് മംഗളവനം. 0.0274 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന വനപ്രദേശമാണിത്.
മരങ്ങള്‍ വളര്‍ന്ന് നിറഞ്ഞതോടെ എറണാകുളം ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷനും ഇപ്പോള്‍ മംഗളവനത്തിന്റെ ബഫര്‍ സോണിനുള്ളിലാണ്. കൊച്ചിയിലെ ആദ്യത്തെ റെയില്‍വേ സ്‌റ്റേഷനായിരുന്നു ഇത്. കൊച്ചിയിലെ മഹാരാജ രാമവര്‍മ്മ പതിനഞ്ചാമന്‍ നിര്‍മ്മിച്ചതാണ് ഈ റെയില്‍വേ സ്‌റ്റേഷന്‍. 1902 ജൂലൈ 16നാണു സ്‌റ്റേഷനില്‍ നിന്നു ആദ്യ യാത്രാ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങിയത്. കൊച്ചി വ്യവസായ നഗരമായി മാറിയപ്പോള്‍ ഐലന്‍ഡിലും എറണാകുളം സൗത്തിലും പുതിയ റെയില്‍വേ സ്‌റ്റേഷനുകള്‍ വന്നതോടെ ഇതിന്റെ പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു. 1990ല്‍ ഈ സ്‌റ്റേഷന്‍ ഉപേക്ഷിക്കപ്പെട്ടു. കേരള ഹൈക്കോടതിക്ക് പിന്നിലായാണ് മംഗളവനവും ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷനും സ്ഥിതിചെയ്യുന്നത്.
കണ്ടല്‍ക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികള്‍ എത്താറുണ്ട്.ചിലന്തികളൂം വവ്വാലുകളും ഇവിടുത്തെ പ്രധാന ആകര്‍ഷണീയതയാണ്. 2004ല്‍ നിലവില്‍ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്.
കണ്ടല്‍ വനങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്. മംഗള്‍ എന്ന വാക്കിന് പോര്‍ച്ചുഗീസ്ഭാഷയില്‍ കണ്ടല്‍ എന്നാണ് അര്‍ത്ഥം. മേയ് 2006 ല്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം ഇവിടെ 32 ഇനത്തില്‍ പെടുന്ന 194 ലധികം പക്ഷികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നുണ്ട്. ഇത് കൂടാതെ 17 തരത്തില്‍ പെട്ട ചിത്രശലഭങ്ങളും ഇവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുടാതെ 51 തരം വര്‍ഗ്ഗത്തില്‍പ്പെട്ട ചിലന്തികളും മംഗളവനത്തില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
* ചിത്രങ്ങള്‍ക്ക് കടപ്പാട്: സോഷ്യല്‍ മീഡിയ