പാലാ: പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലാബ് അസ്സിസ്റ്റന്റ് കൂടിയാണ്. ഈമാസം രണ്ടാം തീയതി ബുധനാഴ്ച താന്‍ ജോലിചെയ്യുന്ന സ്‌കൂളിലെ പി ഡി അക്കൗണ്ടില്‍ നിന്നും 20,870 രൂപയെടുത്ത് ട്രഷറിയില്‍ അടയ്ക്കുന്നതിനായിട്ടാണ് ഷിബു തെക്കേമറ്റം പാലാ ചെത്തിമറ്റത്തുള്ള എസ് ബി ഐ യില്‍ എത്തിയത്. കൗണ്ടറില്‍ ചെക്ക് നല്‍കി കാശ് വാങ്ങിയശേഷം അത് എണ്ണിനോക്കാതെ അതേപടിതന്നെ ചല്ലാന്‍ ഫോമിനോടൊപ്പം ട്രഷറിയില്‍ കൊടുക്കുകയായിരുന്നു. എന്നാല്‍ ട്രഷറി ക്യാഷര്‍ അനില്‍കുമാര്‍ ഇത് കാശ് കൂടുതലുണ്ടെന്ന് പറഞ്ഞ് ഷിബുവിന് തിരികെ നല്‍കി. അപ്പൊഴാണ് തനിക്ക് ബാങ്കിലെ ഉദ്യോഗസ്ഥ തന്നെ പണം ചെക്കില്‍ എഴുതിയതിനേക്കാള്‍ കൂടുതലായിരുന്നു എന്നറിയുന്നത്. ചെക്കിലെ 20,870 രൂപയ്ക്ക് പകരം 40,870 രൂപയാണ് ബാങ്കില്‍ നിന്നും ഷിബുവിന് ലഭിച്ചത്. ഇത് മനസ്സിലായ ഉടന്‍ ഷിബു സംശയം തീര്‍ക്കുവാനായി തന്റെ പ്രിന്‍സിപ്പാളിനെ വിളിച്ച് ചെക്കിലെ തുകയെത്രയെന്നുള്ളത് ഒന്നുകൂടി ഉറപ്പ് വരുത്തി. തുടര്‍ന്ന് ട്രഷറിയില്‍ അടയ്ക്കുവാനുള്ള 20,870 രൂപ അടച്ചതിന് ശേഷം ഷിബു നേരെ ബാങ്കില്‍ കാശ് തന്ന ഉദ്യോഗസ്ഥയുടെ അടുത്ത് ക്യൂവില്‍ തന്നെനിന്ന് അടുത്ത് ചെന്ന് മാഡമെനിക്ക് തന്ന കാശ് കൂടിപ്പോയോന്നൊരു സംശയം എന്ന് പറഞ്ഞു കൊണ്ട് തനിക്ക് കൂടുതലായി ലഭിച്ച 20,000 രൂപാ തിരികെ കൊടുത്ത ശേഷം തന്നെയൊന്ന് പരിചയപ്പെടുത്തുക പോലും ചെയ്യാതെ തിരികെ ഒരു ചെറുപുഞ്ചിരിയുമായി ഇറങ്ങി പോരുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി പാലായിലെ സന്നദ്ധ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യം കൂടിയാണ് ഷിബു തെക്കേമറ്റം.