ന്യൂഡൽഹി : കർഷകരുടെ കടുത്ത എതിർപ്പിനെ തുടർന്ന് സമരവേദി ഒഴിപ്പിക്കാനാവാതെ പോലീസ്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപുരിലെ സമരഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു പോലീസിന്റെ നിര്‍ദേശം തളളി കർഷകർ. കൂടുതൽ കര്‍ഷകര്‍ സമരഭൂമിയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് ജില്ലാ ഭരണകൂടം താല്‍ക്കാലിമായി പിന്‍വാങ്ങി. ജില്ലാ മജിസ്‌ട്രേറ്റ് അടക്കം ഉന്നത ഉദ്യോഗസ്ഥരും വന്‍ പൊലീസ് സന്നാഹവും സമരവേദി ഒഴിപ്പിക്കാനെത്തിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ പോലീസും കേന്ദ്രസേനയും പുലര്‍ച്ചെ ഒരു മണിയോടെ മടങ്ങി. തുടര്‍ന്ന് കര്‍ഷകര്‍ ആഹ്‌ളാദപ്രകടനം നടത്തി.ഗാസിപ്പുരിൽ നാലു കമ്പനി ദ്രുത കർമ സേനയെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം നിലനിർത്താൻ ഇന്നലെ വരെയാണ് ദ്രുത കർമ സേനയെ വിന്യസിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് ഫെബ്രുവരി നാലു വരെ നീട്ടി. ഡൽഹി – ഹരിയാന അതിർത്തിയായ തിക്രിയിലും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ഗാസിപ്പുരിലെ സമരവേദി ഒഴിയില്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത് നിലപാട് കടുപ്പിച്ചു. ‘ഞങ്ങൾ ഇവിടെ നിന്നു പിൻമാറില്ല. ജീവനൊടുക്കേണ്ടി വന്നാലും കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം അവസാനിപ്പിക്കില്ല. ഭരണകൂടം ഇവിടുത്തെ വൈദ്യുതിയും ജലവിതരണവും മുടക്കി. ഗ്രാമങ്ങളിൽ നിന്നു ഞങ്ങൾ വെള്ളം എത്തിക്കും’ – രാകേഷ് ടികായത് പറഞ്ഞു.
നേരത്തെ, ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കണമെന്നു ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ പോലീസും കേന്ദ്രസേനയും സ്ഥലത്തെത്തിയിരുന്നു. ഗാസിപ്പുരിൽ വൈദ്യുതിയും ജലവിതരണവും മുടക്കിയതിനു പിന്നാലെയാണു പ്രദേശം ഒഴിപ്പിക്കാൻ ഉത്തരവിറക്കിയത്.സമരവേദി ഒഴിപ്പിക്കാൻ പൊലീസ് നീക്കം തുടങ്ങിയെന്ന വാർത്തയെത്തിയതോടെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് നിരവധി കർഷകർ എത്തിയതോടെ സമരവേദി സജീവമായി. കർഷകർ നിലപാട് കടുപ്പിച്ചതോടെ ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് യുപി പോലീസും ദ്രുതകർമ സേനയും പിൻമാറുകയായിരുന്നു.
ജലപീരങ്കിയും മറ്റു സന്നാഹങ്ങളെത്തിച്ച പോലീസ് രാത്രി ഏഴോടെ സമരകേന്ദ്രം പൂർണമായി വളയുകയായിരുന്നു. സമരവേദി ഒഴിയില്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത് നിലപാട് സ്വീകരിച്ചു. എന്തു സംഭവിച്ചാലും മുട്ടുമടക്കില്ലെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘും അഖിലേന്ത്യാ കർഷക സമര ഏകോപന സമിതിയും പ്രഖ്യാപിച്ചു. ടികായതിന്റെ സുരക്ഷയ്ക്കായി കർഷകർ വലയം തീർത്തു.