ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിനായി ആരംഭിച്ച കർഷക മാർച്ച് പൊലീസ് തടഞ്ഞു. പോലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചിരിക്കുകയാണ്. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കർഷക മാർച്ച് ആരംഭിച്ചത്.നേരത്തെ, സിംഘു, തിക്രി അതിർത്തികളിൽ ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്കു പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമം പരാജയപ്പെട്ടു. തുടർന്ന് ഇവർ സഞ്ജയ് ഗാന്ധി ട്രാൻസ്പോർട് നഗറിൽ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാർച്ച് തടഞ്ഞു.
റിപ്പബ്ലിക് ദിന പരേഡിനു ശേഷം 11 മണിയോടെ കർഷക മാർച്ച് ആരംഭിക്കാനായിരുന്നു നേരത്തെ അനുമതി നൽകിയിരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പാതയിൽ നിന്നു വ്യതിചലിച്ചായിരുന്നു മാർച്ച്. ട്രാക്ടറുകളിലെത്തിയ കർഷകർ ബാരിക്കേഡുകൾ മറികടക്കുകയായിരുന്നു. കർഷകർ പൊലീസ് വാഹനം തടഞ്ഞതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.കർണാൽ ബൈപാസിൽ ബാരിക്കേഡുകൾ മറികടന്ന കർഷകർ ഡൽഹിയിലേക്കു നീങ്ങി. ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ പാണ്ഡവ് നഗറിനു സമീപം കർണാൽ ബൈപാസിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കർഷകർ മറികടന്നു.