ന്യൂഡൽഹി :കർഷകരെ ആക്രമണത്തിന് പ്രകോപിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ദീപ് സിദ്ധുവിനെ കര്‍ഷകർ തടഞ്ഞുവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കർഷകരിൽനിന്ന് ഓടി രക്ഷപ്പെടുന്ന സിദ്ധുവിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു കൂട്ടം കർഷകർ ഇയാളുടെ സമീപമെത്തി പ്രക്ഷോഭത്തെ തകർത്തതായി അദ്ദേഹത്തോട് പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതോടെ സിദ്ധു ട്രാക്ടറിൽ നിന്ന് ഇറങ്ങി ബൈക്കിൽ കയറി പോവുകയായിരുന്നു. അതേസമയം, ട്രാക്ടര്‍ റാലിക്കിടെ പ്രക്ഷോഭം നടത്തിയതിന് സിദ്ധുവിനെതിരെ ഡൽഹി പോലീസ് കേസെടുത്തു.
രണ്ടു ദിവസം മുന്‍പാണ് സിദ്ധുവും 26 പൊലീസ് കേസുകൾ സ്വന്തം പേരിലുള്ള ഗുണ്ടാനേതാവ് ലഖ സിദാനയും ഡൽഹിയിൽ എത്തിയത്. അക്രമമുണ്ടാക്കാന്‍ സിദ്ധു ആഹ്വാനം ചെയ്തിരുന്നുവെന്ന് കര്‍ഷക നേതാക്കൾ ആരോപിക്കുന്നു. ചെങ്കോട്ടയിൽ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ദീപ് സിദ്ധുവിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു.
ദീപ് സിദ്ധു കർഷകരെ വഴിതെറ്റിച്ചു എന്ന് ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാനയിലെ നേതാവ് ഗുർം സിങ് ചദൂനി പറഞ്ഞു. ചെങ്കോട്ടയിലേക്ക് മൈക്രോഫോണുമായാണ് ദീപ് സിദ്ധു എത്തിയതെന്നും കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചതു ദീപ് സിദ്ധുവാണെന്നും ഇവര്‍ ആരോപിക്കുന്നു.