കൊച്ചി :കളമശേരിയിൽ പതിനേഴുകാരനെ മർദിച്ച സംഘത്തിലെ കുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ നാട്ടുകാർ. കുട്ടിയുടെ മരണം പൊലീസ് മർദനത്തെ തുടർന്നാണെന്ന് ആക്ഷേപമുയരുന്നു. കേസിലുൾപ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ ആരോപിച്ചു.അവശനിലയിലായ കുട്ടികൾ വെള്ളിയാഴ്ച രാത്രി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെന്നും മാനസിക സമ്മർദത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
അതിനിടെ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്ന് കളമശേരി പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്ന് പൊലീസ് വ്യക്തമാക്കി.
ഗ്ലാസ് ഫാക്ടറി കോളനിക്കാരനായ പതിനേഴുകാരനാണ് രാവിലെ എട്ടുമണിയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കണ്ടയുടനെ കുട്ടിയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റും.