നെയ്യാറ്റിന്‍കര: എട്ടുവര്‍ഷംമുമ്പ് മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ അധികൃതരെ കബളിപ്പിച്ച് കൈപ്പറ്റിയ കൊച്ചുമകന്‍ അറസ്റ്റില്‍. അതിയന്നൂര്‍ അരംഗമുകള്‍ ബാബു സദനത്തില്‍ പ്രജിത്ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്. കെ.എസ്.ഇ.ബി.യില്‍നിന്ന് വിരമിച്ച ജീവനക്കാരിയുമായ അരംഗമുകള്‍ സ്വദേശിനി പൊന്നമ്മയുടെ പെന്‍ഷനാണ് ഇയാള്‍ കൈപ്പറ്റിക്കൊണ്ടിരുന്നത്.
പൊന്നമ്മ മരിച്ച വിവരം കെ.എസ്.ഇ.ബി. അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എട്ടുവര്‍ഷമായി പണം പിന്‍വലിച്ചുകൊണ്ടാണ്
ഇയാൾ തട്ടിപ്പ് നടത്തിയത്.
ഇതിനിടെ നെയ്യാറ്റിന്‍കര ഡിവിഷന്‍ ഓഫീസില്‍ കെ.എസ്.ഇ.ബി.യുടെ ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് അറിഞ്ഞത്. പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് ഇയാൾ ഇതുവരെ പെന്‍ഷന്‍ വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തിയത്.
കൊച്ചമകനാണ് പെന്‍ഷന്‍ വാങ്ങിയതെന്ന് കണ്ടെത്തിയ കെ.എസ്.ഇ.ബി. അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. നെയ്യാറ്റിന്‍കര പോലീസ് ഇയാള്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. മരിച്ചുപോയയാള്‍ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് കെ.എസ്.ഇ.ബി. വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. പോലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ലായിരുന്നു.
തുടര്‍ന്ന് പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതിയോട് പോലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി പ്രജിത്ലാല്‍ ബാബുവിന്റെ അറസ്റ്റ് നെയ്യാറ്റിന്‍കര പോലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു .