ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ടത്തിനായി മുദ്രാവാക്യങ്ങൾ ഉയർത്തി കർഷകരുടെ ട്രാക്ടർ റാലി ഇന്ന്. സിംഘു, തിക്രി, ഗാസിപൂർ, ചില്ല അതിർത്തികളിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ ആയിരക്കണക്കിന് ട്രാക്ടറുകൾ അണിനിരക്കും. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ സമരക്കാഴ്ചയാണ് രാജ്യതലസ്ഥാനം ഇന്ന് അരങ്ങെറുന്നത്. കാർഷിക നിയമങ്ങൾക്കെതിരായ രോഷം ട്രാക്ടർ റാലിയിലൂടെ ഡൽഹിയിൽ മുഴങ്ങും. 5000 ട്രാക്ടറുകൾക്ക് ആണ് റാലിയിൽ പങ്കെടുക്കാൻ അനുമതി എങ്കിലും ഇതിൽ കൂടുതൽ റാലിയിൽ അണിനിരക്കും. സിംഘു , തിക്രി, ഗാസിപുർ, ചില്ല എന്നിവിടങ്ങളിൽ നിന്ന് തുടങ്ങുന്ന റാലികൾ ഡൽഹിക്കകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തും.കർഷനേതാക്കൾ യാത്ര ചെയ്യുന്ന കാറുകൾക്ക് പിന്നിലായി ട്രാക്ടറുകൾ അണിനിരക്കും. ഒരു ട്രാക്ടറിൽ അഞ്ച് പേർ മാത്രം. നേതാക്കളുടെ കാറുകൾ കടന്ന് ട്രാക്ടറുകൾ മുന്നോട്ടുനീങ്ങാൻ പാടില്ല. ട്രാക്ടറിൽ ദേശീയ പതാകയും കർഷക സംഘടനകളുടെയും പതാകകളും മാത്രം ഉപയോഗിക്കാം. തെറ്റിദ്ധരിപ്പിക്കുന്ന വിധം യതൊരു മുദ്രവാക്യവും പാടില്ലെന്നും നിർദേശിക്കുന്നു. വൈകീട്ട് 5 മണിക്ക് റാലി അവസാനിപ്പിക്കണമെന്നാണ് പോലീസ് നിർദേശം. അട്ടിമറി സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിൽ ആയിരിക്കും റാലി നടക്കുക.