തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലം ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് സിപിഎം ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവാണ് കഴിഞ്ഞ തവണ സ്ഥാനാർഥിയായത്. 10,905 വോട്ടുകൾക്കാണ് ആന്റണി രാജുവിനെ കോൺഗ്രസിലെ വി.എസ്.ശിവകുമാർ തോൽപിച്ചത്. ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ശ്രീശാന്ത് 34,764 വോട്ടുകൾ നേടിയിരുന്നു. ജില്ലയിലെ എംഎൽഎമാർക്ക് ഒരു അവസരംകൂടി നല്‍കുന്നതിനെക്കുറിച്ചും പാർട്ടിയിൽ ആലോചന നടക്കുന്നുണ്ട്.
സിപിഎം മത്സരിച്ചാൽ മണ്ഡലത്തിൽ വിജയസാധ്യതയുണ്ടെന്നാണ് ജില്ലാ കമ്മിറ്റി പറയുന്നത്. ഇത് അംഗീകരിക്കുന്ന സംസ്ഥാന നേതൃത്വം ആന്റണി രാജുവിന് ഉചിതമായ സീറ്റോ സ്ഥാനമോ നൽകി മണ്ഡലം ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്. നേമത്ത് ഒ.രാജഗോപാലിനോട് കഴിഞ്ഞ തവണ പരാജയപ്പെട്ട വി.ശിവൻകുട്ടിയെയാണ് മണ്ഡലത്തിലേക്കു പരിഗണിക്കുന്നത്. നേമത്ത് അനുയോജ്യനായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള നീക്കം പാർട്ടി ആരംഭിച്ചു. ഇത്തവണ കുമ്മനം രാജശേഖരനെയാണ് നേമത്തിനുവേണ്ടി ബിജെപി പരിഗണിക്കുന്നത്.
തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിന്റെ മുൻരൂപമായ തിരുവനന്തപുരം വെസ്റ്റിലും സിപിഎം ഇതുവരെ മത്സരിച്ചിട്ടില്ല. 2011ൽ വി.സുരേന്ദ്രൻപിള്ളയാണ് ശിവകുമാറിനെതിരെ മത്സരിച്ചു പരാജയപ്പെട്ടത്. 2006ൽ സുരേന്ദ്രൻപിള്ള ഡിഐസി സ്ഥാനാർഥി ശോഭനാ ജോർജിനെ പരാജയപ്പെടുത്തി. 2001ൽ എം.വി.രാഘവൻ ആന്റണി രാജുവിനെ പരാജയപ്പെടുത്തി. 1996ൽ ആന്റണി രാജു വിജയിച്ചു. 1991ൽ എം.എം.ഹസൻ ആന്റണി രാജുവിനെ പരാജയപ്പെടുത്തി.