ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിക്കും. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ അമിത് ഷാ വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റര്‍, തിരുത്ത് റാം ആശുപത്രി എന്നിവിടങ്ങളിലെത്തും. പരിക്കേറ്റ ഡല്‍ഹി പോലീസുദ്യോഗസ്ഥരെ അവിടെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
രാജ്യതലസ്ഥാനത്ത് നടന്ന സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നുള്ള കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്താന്‍ ചില സാമൂഹിക വിരുദ്ധരെ ചെങ്കോട്ടയിലേക്ക് മനഃപൂര്‍വ്വം സര്‍ക്കാര്‍ കടത്തിവിട്ടതാണെന്നും. രഹസ്യാന്വേഷണ വിഭാഗത്തിനും പോലീസിനും ഗുരുതരമായ വീഴ്ച പറ്റിയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.എന്നാൽ ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ പങ്കാളികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അമിത് ഷാ ഡല്‍ഹി പോലീസിന് വീണ്ടും നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശവും നല്‍കി.