പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ കമ്പനി ടാറ്റ സൺസിന് കൈമാറുന്നതിന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ സൺസിന് കൈമാറുന്നത്. ഡിസംബറിൽ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും. ലേലത്തിൽ പങ്കെടുത്ത സ്പൈസ് ജെറ്റിനെ പിന്തള്ളിയാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേർന്നാണ് കൈമാറ്റം സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരിയും ഗ്രൗണ്ട് ഹാൻഡലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ സ്വന്തമാക്കുന്നത്. എയര്‍ ഇന്ത്യ ടാറ്റയുടെ ഉടമസ്ഥതിയിൽആ.തിന് ശേഷം കമ്പനി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയർലൈനുകൾ പ്രവർത്തിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എയർഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്‌പ്രസും ലയിക്കും. തൽക്കാലം വിസ്താര പ്രത്യേക സ്ഥാപനമായി തന്നെ തുടര്‍ന്നേക്കും. ടാറ്റ ഗ്രൂപ്പും സിംഗപ്പുര്‍ എയര്‍ലൈൻസും തമ്മിലുള്ള സംയുക്ത സംരംഭമാണ് വിസ്താര. 51:49 എന്ന അനുപാതത്തിലാണ് ഇരു കമ്പനികൾക്കും ഓഹരി പങ്കാളിത്തം. എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാകാൻ സിങ്കപ്പുര്‍ എയര്‍ലൈൻസ് സമ്മതിച്ചിരുന്നുവെങ്കിലും കൊവിഡ് ബിസിനസിനെ ബാധിച്ചതിനാൽ പിൻമാറുകയായിരുന്നു.
എയര്‍ ഇന്ത്യ ടാറ്റയുടെ ഉടമസ്ഥതയിൽ ആകുന്നതോടെ കമ്പനിയുടെ മുഖം മാറിയേക്കും. കണക്കെണിയിലായ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങൾ മെച്ചപ്പെടാനും ഈ രംഗത്ത് മുൻനിരയിലേക്ക് കമ്പനി ഉയരാനും ടാറ്റ ഗ്രൂപ്പിൻെറ ഏറ്റെടുക്കൽ സഹായകരമായേക്കും. അതേസമയം സര്‍ക്കാരിൻെറ മുഖമായിരുന്ന വിമാന കമ്പനി പൂര്‍ണമായും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റുമാണ് എയര്‍ ഇന്ത്യക്കായി ഒടുവിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത്. എയര്‍ ഇന്ത്യക്കായുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ചത് ടാറ്റ ഗ്രൂപ്പ് തന്നെയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ലേലത്തുകയേക്കാൾ 3,000 കോടി രൂപയോളം അധികമാണ് ടാറ്റ നൽകുന്നത്.