രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അതിരൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ. നിലവിലെ കൊവിഡ് സാഹചര്യം അനുസരിച്ച് രാജ്യത്ത് പ്രതിദിനം 7.2 ലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്തേക്കാമെന്നും കാൺപൂർ ഐ ഐ ടി ശാസ്ത്രജ്ഞൻ മനീന്ദ്ര അഗർവാൾ മുന്നറിയിപ്പു നൽകി.
കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മുൻ ദിവസത്തേക്കാൾ 44,889 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 441 പേരാണ് ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത്. 1,88,157 പേർ രോഗമുക്തരായി. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,31,000 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമായി ഉയർന്നു. അതേസമയം രാജ്യത്ത് 8,961 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 0.79 ശതമാനം വർദ്ധനവാണ് ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.