ദിലീപിനെതിരെ കൊലപാതകം ലക്ഷ്യംവെച്ചുള്ള ഗൂഡാലോചന നടത്തിയെന്ന വകുപ്പുകൂടി ചുമത്തി. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഡാലോചന വകുപ്പ് കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗൂഡാലോചന നടത്തിയെന്ന് മാത്രമായിരുന്നു കഴിഞ്ഞ ഒൻപതിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറഞ്ഞിരുന്നത്. ഇതിൽ ഒരു അഡീഷണൽ റിപ്പോർട്ട് ആണ് ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നത്. ഗൂഡാലോചന നടത്തി എന്ന് മാത്രം പറയുമ്പോൾ അതിന് നിയമപരമായി ബലമുണ്ടാകില്ല എന്നാണ് വിലയിരുത്തൽ.
അതിനിടെ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ദിലീപ്, സഹോദരൻ പി.ശിവകുമാർ, ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് ടി.എൻ.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ.