ആരോഗ്യപരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെയും നിങ്ങൾക്ക് പ്രതിരോധ ശക്തി വർധിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ ഭക്ഷണ ശീലങ്ങളും നിങ്ങൾ തിരഞ്ഞെടുക്കുന്ന ജീവിതരീതിയും നിങ്ങളുടെ പ്രതിരോധശേഷി എങ്ങനെ ആകണമെന്ന് നിർണ്ണയിക്കുന്നു. ഭക്ഷണങ്ങളുടെ തിരഞ്ഞെടുപ്പ്, വ്യായാമം, ഉറക്കത്തിന്റെ ഗുണനിലവാരം, ശുചിത്വം - ഇവയെല്ലാം നിങ്ങളുടെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിനും പോഷകത്തിനും, പ്രത്യേകമായി, വിറ്റാമിനുകളുടെയും ധാതുക്കളുടെയും പങ്ക് വളരെ വലുതാണ്. അണുബാധകളിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്ന നിരവധി മൾട്ടിവിറ്റാമിനുകളും വിലകൂടിയ വിദേശ ഭക്ഷണങ്ങളും സപ്ലിമെന്റുകളും ഉണ്ടെങ്കിലും, പ്രകൃതി ഇതിനകം തന്നെ നമുക്ക് നൽകിയിട്ടുള്ള വിലകുറഞ്ഞ വിറ്റാമിൻ സമ്പന്നമായ ഭക്ഷണസാധനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ച് അവ നമ്മുടെ നേട്ടത്തിനായി ഉപയോഗിക്കാൻ തുടങ്ങുന്നതും ആരോഗ്യത്തിന് ഉത്തമമാണ്.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ ഇതാ
1. നെല്ലിക്ക
നെല്ലിക്ക വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ പഴമാണെന്ന് അറിയപ്പെടുന്നു. ശക്തമായ ആന്റിഓക്‌സിഡന്റും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നതുമായ വിറ്റാമിനാണ് ഇത്. ആന്റിബോഡി പ്രതികരണവും വെളുത്ത രക്താണുക്കളുടെ പ്രവർത്തനവും വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായതിനാൽ, അണുബാധ മൂലം ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം, ഫ്രീ റാഡിക്കലുകൾ എന്നിവ നിയന്ത്രിക്കാൻ നെല്ലിക്കയ്ക്ക് കഴിയും.
2. ചീര
ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന മലക്കറികളിലൊന്നാണ് ചീര. ഇവയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ധാരാളം ആൻറ്റി ഒക്സിഡന്‍ററ്റുകളും ബീറ്റ കരോട്ടിനും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയവയുടെ ഒരു മികച്ച ഉറവിടം കൂടിയാണ് ചീര. സ്മൂത്തി, സാലഡ്, കറി എന്നിവയുടെ കൂടെയെല്ലാം നിങ്ങൾക്ക് ചീര ഉൾപ്പെടുത്താവുന്നതാണ്.
3. മുരിങ്ങയില
മുരിങ്ങയിൽ 90 ലധികം ബയോ ആക്റ്റീവ് സംയുക്തങ്ങളും മിക്കവാറും എല്ലാ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഇത് ശക്തമായ പ്രകൃതിദത്ത മൾട്ടിവിറ്റാമിനാണ്. പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, ക്രോമിയം, മഗ്നീഷ്യം, സെലിനിയം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഇതിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 1, ബി 2, ബി 3 എന്നിവയുടെ നല്ല ഉറവിടമാണ് മുരിങ്ങയുടെ ഇലകൾ. ഇത് കോശങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും മികച്ച ഉന്മേഷദായക ഭക്ഷണമായും പ്രവർത്തിക്കുന്നു.
4. മഞ്ഞൾ
പുരാതന കാലം മുതൽ ഭക്ഷണങ്ങളിൽ ഉപയോഗിച്ച് വരുന്ന ഔഷധ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞൾ. ഇവയ്ക്ക് ധാരാളം ആൻറ്റിഓക്സിഡൻറ്റ്, ആൻറ്റിഇൻഫ്ലമേറ്ററി, ആൻറ്റിബാക്റ്റീരിയൽ ഗുണങ്ങളുണ്ട്. അതിനാൽ ഇവ രോഗപ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കുന്നു. നിങ്ങൾക്ക് തിളച്ച വെള്ളത്തിൽ ഒരു നുള്ള് മഞ്ഞളും ഇഞ്ചിയും ചേർത്ത് ഔഷധ ചായയുടെ രൂപത്തിൽ കുടിക്കാവുന്നതാണ്. കൂടാതെ മഞ്ഞൾ പൊടി ഒരു ടി സ്പൂൺ തേൻ ചേർത്ത് കഴിക്കാവുന്നതുമാണ്.
5. മധുരക്കിഴങ്ങ്
എളുപ്പത്തിൽ ലഭ്യമായ ഈ മധുരമുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂപ്പർഫുഡ് കൂടിയാണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി 5, ബി 7 എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് അവ. നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിലും ഇതിൽ അടങ്ങിയ ഈ ധാതുക്കളും ആന്തോസയാനിനുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
6. മാമ്പഴം
വിറ്റാമിൻ സി സമ്പുഷ്ടമായ ഈ പഴത്തിൽ വിറ്റാമിൻ ഇ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, വിറ്റാമിൻ ഡി, മിക്ക ബി വിറ്റാമിനുകളും (വിറ്റാമിൻ ബി 12 ഒഴികെ) സൂക്ഷ്മ പോഷകങ്ങളും ഉൾപ്പെടുന്നു.
7. മത്തങ്ങ
മത്തങ്ങ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ എ, സി, ഇ എന്നിവയുടെയും അവിശ്വസനീയമാംവിധം സമ്പുഷ്ടമായ ഉറവിടമാണ്. ഈ വിറ്റാമിനുകളെല്ലാം തന്നെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നവയാണ്. വിറ്റാമിൻ എ വീക്കം തടയുന്നതിനായി, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു.
8. ഇഞ്ചി
ആഹാരത്തിൽ ചേർക്കുന്നതിന് പുറമെ അടുക്കള വൈദ്യമായും ഇഞ്ചി നമ്മൾ ഉപയോഗിക്കാറുണ്ട്. ക്ഷാര ഗുണപ്രധാനമായ ഈ ഔഷധം; പ്രധാനമായും ദഹന പ്രക്രിയയെ ത്വരിതപെടുത്തുന്നതിന്ന് ഉപയോഗിക്കുന്നു. ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഇത് ഉപയോഗിക്കാം. ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. കോവിഡ് കാലത്ത് ഇഞ്ചി ചെറുതായരിഞ്ഞതും ശർക്കരയും ഒപ്പം കഴിച്ചാൽ നല്ലതാണ് എന്ന് പ്രചരിച്ചിരുന്നു. ഉപയോഗിച്ച പലർക്കും ഗുണഫലമാണ് കിട്ടിയത് എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
9. ബ്രോക്കോളി
ബ്രോക്കോളിയിൽ അടങ്ങിയിട്ടുള്ള ഗ്ലുകോബ്രസിസിൻ, കരോട്ടിനോയിഡ്, ഫ്ലാവനോയിഡുകൾ തുടങ്ങിയവയെല്ലാം ശരീരത്തിന് രോഗ പ്രതിരോധ ശേഷി നൽകാൻ സഹായിക്കും. കൂടാതെ ഇവയിൽ വിറ്റാമിനൻ സി, വിറ്റമിൻ എ, വിറ്റമിൻ കെ, കൂടാതെ ധാരാളം ആൻറ്റി ഓക്സിടെൻറ്റുകളും അടങ്ങിയിട്ടുണ്ട്.