Hot Posts

6/recent/ticker-posts

ഒമിക്രോൺ ബാധിതരിൽ ഗൃഹപരിചരണം വേണ്ടത് ആർക്കൊക്കെ, അപായ സൂചനകള്‍ എങ്ങനെ തിരിച്ചറിയാം, ശ്രദ്ധിക്കേണ്ടത്



ഗൃഹ പരിചരണത്തില്‍ അപായ സൂചനകള്‍ നമുക്ക് തന്നെ തിരിച്ചറിയാനാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോകമെമ്പാടും ഒമിക്രോണ്‍ തരംഗത്തെ നേരിടാന്‍ ഉപയോഗിക്കുന്ന ഫലപ്രദമായ മാര്‍ഗമാണ് ഗൃഹ പരിചരണം അഥവാ ഹോം കെയര്‍. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹ പരിചരണത്തിന് പ്രാധാന്യം കിട്ടുന്നത്. ഒമിക്രോണ്‍ തരംഗത്തില്‍ മൂന്ന് ശതമാനം ആളുകള്‍ക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നുള്ളു. വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ഒരാള്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗൃഹ പരിചരണത്തിന് സാധിക്കും. അതേസമയം ഗൃഹ പരിചരണത്തില്‍ ഇരിക്കുന്ന രോഗികള്‍ അപായ സൂചനകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. 97 ശതമാനം പേര്‍ക്കും ഗുരുതരമാകാന്‍ സാധ്യതയില്ല. എന്നാല്‍ ന്യൂമോണിയ ഉണ്ടാകാന്‍ സാധ്യയുള്ള ഈ മൂന്ന് ശതമാനം പേരെ കണ്ട് പിടിച്ച് കൃത്യമായ ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പ് ഗൃഹപരിചരണം സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



ആര്‍ക്കൊക്കെ ഗൃഹപരിചരണം പാടില്ല

ഉയര്‍ന്ന പ്രമേഹം, രക്താദിസമ്മര്‍ദം, ഹൃദ്രോഗം പോലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മാത്രമേ ഗൃഹ പരിചരണം സ്വീകരിക്കാന്‍ പാടുള്ളൂ. എന്നാല്‍ അവയവം മാറ്റിവച്ചവര്‍, എച്ച്‌ഐവി രോഗികള്‍, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്നവര്‍ എന്നിവര്‍ ഒരു കാരണവശാലും ഗൃഹ പരിചരണത്തില്‍ കഴിയരുത്. അവര്‍ക്കായി സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മറ്റുള്ളവര്‍ക്ക് രോഗം പകര്‍ത്തരുത്

ഗൃഹ പരിചരണത്തിലുള്ളവര്‍ രണ്ട് കാര്യം ശ്രദ്ധിക്കണം. ഒന്ന് വീട്ടില്‍ കൂടെയുള്ളവര്‍ക്ക് രോഗം പകരുന്നില്ലെന്ന് ശ്രദ്ധിക്കണം. രണ്ടാമത് അപായ സൂചനകള്‍ ശരിയായ സമയത്ത് തിരിച്ചറിയുന്നു എന്ന് ശ്രദ്ധിക്കണം. കാലതാമസമില്ലാതെ അനുയോജ്യമായ ചികിത്സ കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം. രോഗം പകരാതിരിക്കാന്‍ വായുസഞ്ചാരമുള്ള പ്രത്യേക മുറിയില്‍ താമസിക്കണം. രോഗിയെ ഒരാള്‍ മാത്രമേ പരിചരിക്കാന്‍ പാടുള്ളൂ. പൂര്‍ണമായും വാക്‌സിന്‍ എടുത്ത അനുബന്ധ രോഗങ്ങള്‍ ഇല്ലാത്ത ആള്‍ ആയിരിക്കണം പരിചരിക്കേണ്ടത്. രോഗിയും ആ വ്യക്തിയും എന്‍ 95 മാസ്‌ക് ധരിക്കുന്നത് അഭികാമ്യം.

ഡോക്ടറുമായി ബന്ധപ്പെടണം

രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ യഥാസമയം ഡോക്ടറുമായി ബന്ധപ്പെടണം. ഇ സഞ്ജീവിനിയിലൂടെ ഡോക്ടറുമായി 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. ചികിത്സിക്കുന്ന ഡോക്ടര്‍, തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, ആശവര്‍ക്കര്‍മാര്‍, ദിശ 104, 1056 എന്നിവരുമായി സംസാരിക്കാം.ചെറിയ പനി, ചുമ, തൊണ്ടവേദന അനുബന്ധ രോഗം ഇല്ലാത്ത വളരെ നേരിയ രോഗലക്ഷണം ഉള്ളവരാണ് എ വിഭാഗത്തില്‍പ്പെടുന്നത്. ശക്തമായ പനി, തൊണ്ടവേദന, മസിലുകള്‍ക്ക് വേദന, തലവേദന എന്നിവ ഉള്ളവരാണ് ബി വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. മാത്രമല്ല അനുബന്ധ രോഗമുള്ളവര്‍ക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലുള്ളവര്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരാണ് സി വിഭാഗത്തില്‍ പെടുന്നത്. ആരോഗ്യമുള്ള ആള്‍ ആണെങ്കില്‍ പോലും കോവിഡ് ബാധിച്ചാല്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കേണ്ടതാണ്. അനുബന്ധ രോഗമുള്ളവര്‍ ഒരിക്കലും ഡോക്ടറെ അറിയിക്കാതെയിരിക്കരുത്.

എപ്പോള്‍ ഡോക്ടറുടെ സേവനം തേടണം

സ്വയം നിരീക്ഷണം ഏറെ പ്രധാനമാണ്. ആദ്യത്തെ രണ്ടാഴ്ച ഏറ്റവും പ്രധാനപ്പെട്ടതാണ്. സ്വയം നിരീക്ഷണത്തിലെ അപായസൂചനകള്‍ (റെഡ് ഫ്‌ളാഗ്) എപ്പോഴും തിരിച്ചറിയണം. 100 ഡിഗ്രിയില്‍ കൂടുതലുള്ള പനി മൂന്ന് ദിവസം മാറാതെ നില്‍ക്കുകയാണെങ്കില്‍ ഇതുവരെ അറിയിച്ചില്ലെങ്കിലും ഡോക്ടറെ അറിയിക്കണം.

ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയണം

ഒമിക്രോണ്‍ ബാധിച്ചവരില്‍ മൂന്ന് ശതമാനം പേര്‍ മാത്രമാണ് ന്യൂമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് പോകാന്‍ സാധ്യതയുള്ളത്. ഇവരെ തിരിച്ചറിയാന്‍ അപായ സൂചനകള്‍ ദിവസവും നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ എല്ലാവരും തിരിച്ചറിയണം. ശ്വാസമെടുക്കുമ്പോള്‍ നെഞ്ച് വേദന വരുന്നത് പോലെ തോന്നുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ അറിയിക്കണം. സംസാരിക്കുമ്പോള്‍ വാക്കുകള്‍ മുഴുമിക്കാന്‍ കഴിയാതെ വരിക, വെറുതെയിരിക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുക, കഫത്തില്‍ രക്തത്തിലെ അംശം കാണുക, തുടങ്ങിയവ ന്യൂമോണിയയുടെ ആരംഭ ലക്ഷണമാണ്. അപൂര്‍വമായി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നെഞ്ചിന്റ മധ്യഭാഗത്തോ ഇടതുഭാഗത്തോ വേദനയുണ്ടാകുക, നെഞ്ചിടിപ്പ് കൂടി വരിക, കണ്ണിലേക്ക് ഇരുട്ടു കയറുക, ബന്ധമില്ലാതെ സംസാരിക്കുക, അബോധാവസ്ഥയിലേക്ക് പോവുക തുടങ്ങിയ അപായസൂചനകള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുമായി ബന്ധപ്പെടേണ്ടതും ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കേണ്ടതാണ്. പ്രത്യേകിച്ചും പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും അമിതമായ ക്ഷീണം ഒരു അപായ സൂചനയാണ്. ഇതുകണ്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.


ഓക്‌സിജന്റെ അളവ് സ്വയം നിരീക്ഷിക്കണം

രക്തത്തിലെ ഓക്‌സിജന്റെ അളവ് നോക്കിയാണ് എല്ലാ ചികിത്സാവിധികളും നിശ്ചയിക്കുന്നത്. സാധാരണ ഒരാളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് 95ന് മുകളിലായിരിക്കും. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ചും ബ്രെത്ത് ഹോള്‍ഡിങ് ടെസ്റ്റ് മുഖേനയും ഇതറിയാം. ഓക്‌സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 110ന് മുകളിലായാലും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്. മുറിക്കുള്ളില്‍ 6 മിനിറ്റ് പതുക്കെ നടന്ന ശേഷം ഓക്‌സിജന്റെ അളവ് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ 3 ശതമാനം കുറയുകയാണെങ്കില്‍ അത് ന്യൂമോണിയയുടെ ആരംഭമാണ്. ഉടന്‍ തന്നെ ഡോക്ടറെ വിവരം അറിയിക്കേണ്ടതാണ്.

പള്‍സ് ഓക്‌സിമീറ്റര്‍ ലഭ്യമല്ലെങ്കില്‍

പള്‍സ് ഓക്‌സിമീറ്റര്‍ ലഭ്യമല്ലെങ്കില്‍ ബ്രെത്ത് ഹോള്‍ഡിങ് ടെസ്റ്റ് ചെയ്യേണ്ടതാണ്. ശ്വാസം അല്‍പം ദീര്‍ഘമായി വലിച്ചെടുത്ത ശേഷം എത്ര സെക്കന്റ് ശ്വാസം പിടിച്ച് വയ്ക്കാന്‍ സാധിക്കുന്നു എന്ന് നോക്കുക. 25 സെക്കന്റ് ശ്വാസം പിടിച്ചു വയ്ക്കാന്‍ സാധിച്ചാല്‍ ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് അനുമാനിക്കാവുന്നതാണ്. 15 സെക്കന്റ് പിടിച്ചുവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ന്യൂമോണിയയുടെ തുടക്കമാണെന്ന് കരുതണം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം. 15 മുതല്‍ 25 സെക്കന്റിന് താഴെ ശ്വാസം പിടിച്ചുവയ്ക്കാനേ സാധിച്ചുള്ളൂ എങ്കിലും ഡോക്ടറെ അറിയിക്കണം.

അനാവശ്യ ആന്റിബയോട്ടിക്കുകള്‍ പാടില്ല
കോവിഡിന് ഗൃഹ പരിചരണത്തില്‍ ഇരിക്കുമ്പോള്‍ അനുബന്ധ ചികിത്സയാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്ന് കഴിക്കാന്‍ പാടുള്ളൂ. തൊണ്ട വേദനയുണ്ടെങ്കില്‍ ഉപ്പുവെള്ളം കൊള്ളുക. മൂക്കടപ്പ് ഉണ്ടെങ്കില്‍ ആവി പിടിക്കാം. അപായസൂചനകള്‍ തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം.

വാക്‌സിനെടുക്കാത്തവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഗൃഹപരിചരണത്തില്‍ ഇരിക്കുകയാണെങ്കില്‍ അപായ സൂചനകള്‍ കൃത്യമായി നോക്കേണ്ടതാണ്.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി