സംസ്ഥാനത്ത് കൂടുതല്‍ ജില്ലകള്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണത്തിലേക്ക്. അഞ്ച് ജില്ലകളില്‍ സി കാറ്റഗറി നിയന്ത്രണം നിലവില്‍ വന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ 25 ശതമാനത്തിലധികം കോവിഡ് രോഗികള്‍ ആയതോടെയാണ് തിരുവനന്തപുരത്തിന് പുറമേ കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. സി കാറ്റഗറി ജില്ലകളില്‍ സിനിമ തിയേറ്റര്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. ഒരുതരത്തിലുമുള്ള കൂടിച്ചേരലുകള്‍ ആള്‍ക്കൂട്ടമോ അനുവദിക്കില്ല. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈന്‍ മാത്രം. വിവാഹം മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാം.
10 പ്ലസ് ടു, അവസാന വര്‍ഷ ബിരുദ ബിരുദാനന്തര ക്ലാസുകള്‍ എന്നിവ മാത്രം ഓഫ്‌ലൈനായി തുടരും.ഹാജര്‍നില 40 ശതമാനത്തില്‍ താഴെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഓഫ്‌ലൈന്‍ പഠന രീതിയിലേക്ക് മാറണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് വയനാട് കണ്ണൂര്‍ ജില്ലകളില്‍ കാറ്റഗറി ബി പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് കാറ്റഗറി എയില്‍ വരുന്നത്. കാസര്‍ഗോഡ് ജില്ല മാത്രം ഒരു വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടില്ല. രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റില്‍ കോവിഡ റൂമിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. കൊവിഡ് ഐസിയു കിടക്കകള്‍, വെന്റിലേറ്റര്‍ എന്നിവയുടെ ഉപയോഗവും ലഭ്യതയും ഇതിലൂടെ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും.
അതേസമയം കോവിഡ് പ്രതിരോധം താഴെതട്ടില്‍ ഊര്‍ജിതമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുപ്രകാരം വാര്‍ഡ് തല ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തും. സി കാറ്റഗറി ജില്ലകളില്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ജാഗ്രതാസമിതി ചേരണമെന്നാണ് നിര്‍ദ്ദേശം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ പഞ്ചായത്ത് പ്രസിഡണ്ട്മാരുടെ യോഗം വിളിച്ച് പ്രവര്‍ത്തനം വിലയിരുത്തും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആവശ്യാനുസരണം സി എഫ് എല്‍ ടി സി കള്‍, ഡിസിസി കള്‍ എന്നിവ ആരംഭിക്കണം. സമൂഹ അടുക്കളകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവയിലൂടെ രോഗ ബാധിതര്‍ക്ക് ഭക്ഷണം എത്തിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.