കോഴിക്കോട്-തിരുവനന്തപുരം പാതയിൽ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ക്ലാസ് 'ബൈപാസ് റൈഡർ സർവിസ്' അടുത്ത മാസം ആരംഭിക്കും. നിലവിലെ സൂപ്പർക്ലാസ് സർവിസുകളെ പുനഃക്രമീകരിച്ച് യാത്രക്കാരെ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ സർവിസ്. ബൈപാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തിയും അല്ലാത്തിടങ്ങളിൽ സംസ്ഥാന-ദേശീയപാതകളിലൂടെയുമാണ് റൈഡറുകൾ സർവിസ് നടത്തുക. നഗര കേന്ദ്രങ്ങളിലെ തിരക്കുള്ള റോഡുകളിൽ ദീർഘദൂര സർവിസുകൾ വാഹനക്കുരുക്കിൽ അകപ്പെട്ട് സമയനഷ്ടവും കോർപറേഷന് ഇന്ധനനഷ്ടവും ഏറെയാണ്.
പുതിയ രീതിയിൽ സർവിസ് നടത്തുമ്പോൾ കോഴിക്കോട്- തിരുവനന്തപുരം പാതയിൽ രണ്ട് മണിക്കൂറിലധികം സമയം ലാഭിക്കാനാകും. ബൈപാസ് റൈഡർ സർവിസ് നഗര കേന്ദ്രങ്ങളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ കയറിയിറങ്ങുന്ന പതിവ് ഒഴിവാക്കും. ബൈപ്പാസുകളിൽ ഇതിന് വേണ്ടി ഫീഡർ ബസ് സ്റ്റേഷനുകൾ സ്ഥാപിക്കും. നഗരകേന്ദ്രങ്ങളിലെ ഡിപ്പോകളിൽനിന്നു ഫീഡർ സ്റ്റേഷനുകളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഫീഡർ സർവിസുകൾ ആരംഭഘട്ടത്തിൽതന്നെ ക്രമീകരിക്കാൻ യൂനിറ്റ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബൈപാസ് റൈഡർ സർവിസിൽ മുൻകൂട്ടി ടിക്കറ്റെടുത്ത യാത്രക്കാർക്ക്, ഫീഡർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. ഈമാസം 24ന് മുമ്പ് എല്ലാം സജ്ജമാക്കണമെന്നാണ് കെ.എസ്.ആർ.ടി.സി ഓപറേഷൻസ് വിഭാഗം എക്സി.ഡയറക്ടർ നേരത്തെ ഉത്തരവിറക്കിയത്. എന്നാൽ, കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പരിമിതിയും നിയന്ത്രണങ്ങളും കാരണം റൈഡർ സർവിസ് ആരംഭിക്കുന്നത് അടുത്ത മാസത്തേക്ക് നീട്ടിവെച്ചിരിക്കയാണ്.
തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തലയിൽ എക്സ് റേ ജങ്ഷൻ, ആലുവയിൽ മെട്രോ സ്റ്റേഷൻ, ചാലക്കുടിയിൽ പുതിയ കോടതി ജങ്ഷൻ , മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാണ് ഫീഡർ സ്റ്റേഷനുകൾ ഒരുക്കുന്നത്. വിവിധ ഡിപ്പോകളിൽ നിന്ന് ഫീഡർ സ്റ്റേഷനുകളിലേയ്ക്ക് 39 ബസുകൾ ഫീഡർ സർവിസുകളായി ഓടും. ബൈപാസ് റൈഡറുകളിലെ യാത്രക്കാർക്കായി ഡിപ്പോകളിൽ വിശ്രമമുറി ഒരുക്കണമെന്ന് യൂണിറ്റധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സർവിസിനെക്കുറിച്ച് അനൗൺസ്മെന്റ് നടത്തണം, പരിചയ സമ്പന്നനായ ഒരു ഉദ്യോഗസ്ഥനെ ട്രാവൽ ഫെസിലിറ്റേറ്ററായി നിയോഗിക്കണം, ഫീഡർ സ്റ്റേഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കണം, ആശയവിനിമയ സൗകര്യങ്ങൾ ഒരുക്കണം, ചായ, ലഘുഭക്ഷണം തുടങ്ങിയവ ലഭ്യമാക്കാൻ സൗകര്യമൊരുക്കണം, ടോയ്ലറ്റ് സൗകര്യം തയാറാക്കണം തുടങ്ങിയവയും നിർദേശിച്ചിട്ടുണ്ട്.