ഒന്നു മുതൽ ഒമ്പതു വരെയുള്ള ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്നും ഹാജർ നിർബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏഴാം ക്ലാസ് വരെ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ് നൽകുക. എട്ട്, ഒമ്പത് ക്ലാസുകളിൽ ജിസ്യൂട്ട് വഴിയും നൽകും. 10, 11,12 ക്ലാസുകൾ സ്‌കൂളിൽ തന്നെ നടത്താനാണ് തീരുമാനം. പരീക്ഷയ്‌ക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കും. 10 മുതൽ 12 വരെയുള്ള ക്ലാസുകൾ ഓൺലൈനാക്കുന്നതിന് സജ്ജമാണ്. സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29 മുതൽ തുടങ്ങും. ചോദ്യപേപ്പറുകൾ അതാത് കേന്ദ്രങ്ങളിലെത്തിച്ചു കൊണ്ടിരിക്കുകയാണ്.എസ്എസ്എൽസി, ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ആദ്യം നടത്താനുള്ള തീരുമാനം മാറ്റി. എഴുത്തുപരീക്ഷകൾ നടത്തിയ ശേഷം പ്രാക്ടിക്കൽ പരീക്ഷകൾ നടത്തും.പാഠപുസ്‌തകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ചോദ്യങ്ങളുണ്ടാകും. 30 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്‌ക്ക് പുറത്തു നിന്നായിരിക്കും. കൊവിഡ് ബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക സൗകര്യവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.