പാലാ: ധരിക്കുന്ന ഖദറിൻ്റെ വെൺമയ്ക്കും പരിശുദ്ധിക്കും ഒരു കോട്ടവും വരുത്താതെ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അന്തരിച്ച പി റ്റി തോമസെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ സിറിയക് തോമസ് പറഞ്ഞു. പാലാ പൗരാവലി സംഘടിപ്പിച്ച പി റ്റി തോമസ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമസഭയിലായാലും ലോക്സഭയിലായാലും കാര്യങ്ങൾ പഠിച്ചശേഷം മാത്രം പ്രതികരിക്കുന്ന സാമാജികനായിരുന്നു പി റ്റി തോമസ്. മനസിൽ ഒന്ന് വച്ച് മറ്റൊന്ന് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതി പി റ്റി തോമസിന് ഇല്ലായിരുന്നുവെന്നും സിറിയക് തോമസ് ചൂണ്ടിക്കാട്ടി.
ശരിയെന്ന് ഉത്തമ ബോധ്യമുള്ള നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു പി റ്റി തോമസെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നിലപാടുകൾ സ്വീകരിക്കുമ്പോൾ രാഷ്ട്രീയത്തിലെ ലാഭനഷ്ട കണക്കുകൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ലെന്നും എം എൽ എ ചൂണ്ടിക്കാട്ടി.
മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, ഡിജോ കാപ്പൻ, അഡ്വ പി ജെ തോമസ്, ടോമി കല്ലാനി, അഡ്വ തോമസ് വി റ്റി, ബിനു പുളിയ്ക്കക്കണ്ടം, ബിജു പുന്നത്താനം, പ്രൊഫ സതീഷ് ചൊള്ളാനി, ഡോ ശോഭ സലിമോൻ, എം ശ്രീകുമാർ, അഡ്വ എ എസ് തോമസ്, ജോസ് പ്ലാക്കൂട്ടം, എ കെ ചന്ദ്രമോഹൻ, ജോമോൻ ഓടയ്ക്കൽ, പ്രസാദ് കൊണ്ടൂപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.