വിവാദമായ രവീന്ദ്രൻ പട്ടയം റദ്ദാക്കുന്ന നടപടി ഉടൻ ആരംഭിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. സർക്കാർ ഉത്തരവിൽ പറഞ്ഞ നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇതിനായി ടീം രൂപീകരിക്കുന്ന കാര്യം ഡയറക്റേറ്റിൽ നിന്ന് അറിയിക്കുമെന്നും ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. പട്ടയ വിഷയത്തിൽ അപേക്ഷകൾ സ്വീകരിക്കുന്ന കാര്യം തീരുമാനമായില്ല എന്നും കളക്ടർ അറിയിച്ചു. 1999ല്‍ നല്‍കിയ 530 പട്ടയങ്ങളാണ് റദ്ദാക്കാനൊരുങ്ങുന്നത്. റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ആണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാം. ദേവികുളം തഹസില്‍ദാര്‍ക്കാണ് പുതിയ പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത എല്ലാ ഫയലുകളുടെയും പകര്‍പ്പുകള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എം ഐ രവീന്ദ്രന്‍ പട്ടയമനുവദിച്ച വില്ലേജുകളില്‍ മാത്രം പ്രത്യേക സംഘത്തെ നിയോഗിച്ച യോഗ്യത ഉറപ്പാക്കുകയും ഭൂപതിവിനാവശ്യമായ എല്ലാ രേഖകളും തയ്യാറാക്കി തഹസില്‍ദാര്‍ക്ക് കൈമാറുകയും വേണം. ഈ വില്ലേജുകളില്‍ ഒരു ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ രണ്ട് സര്‍വേയര്‍മാരും ഒരു റവന്യു ഇന്‍സ്‌പെക്ടറും രണ്ട് സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍മാരും അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. ഇതിനായി ലാന്‍ഡ് റവന്യു കമ്മിഷണറെയും ഭൂരേഖ വകുപ്പ് ഡയറക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 45 ദിവസത്തേക്ക് മാത്രമാണ് പ്രത്യേക സംഘത്തിന്റെ നിയമനം. ഈ ദിവസത്തിനുള്ളില്‍ പട്ടയം പുതുതായി പതിച്ചുനല്‍കുന്നവരുടെ കാര്യത്തിലടക്കം നടപടികള്‍ പൂര്‍ത്തീകരിക്കണം.
ലഭ്യമായ അസൈന്‍മെന്റ് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കുന്നതിന് ദേവികുളം തഹസില്‍ദാര്‍ സമയബന്ധിതമായി നടപടിയെടുക്കണം. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അസൈന്‍മെന്റ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കണം.കണ്ണന്‍ദേവന്‍ ഒഴികെയുള്ള വില്ലേജുകളിലെ ഭൂമി അര്‍ഹരായവര്‍ക്ക് രണ്ടുമാസത്തിനകം ഭൂമി നല്‍കുന്നതിനുള്ള നടപടിയും പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.1999തില്‍ ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന എം ഐ രവീന്ദ്രന്‍ ഇടുക്കിയില്‍ മൂന്നാര്‍ മേഖലയില്‍ നല്‍കിയ പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്നറിയപ്പെടുന്നത്. മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങളെ സാധൂരിക്കുന്ന രീതിയിലാണ് ഈ പട്ടയങ്ങള്‍ വിതരണം ചെയ്തത്.