കെഎസ്ആര്‍ടിസി ബസില്‍ ഉച്ചത്തില്‍ മൊബൈല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ഇത്തരം ഒരു ഉത്തരവ് ഇറക്കിയത്.
കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന ചില യാത്രാക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തില്‍ വീഡിയോ, ഗാനങ്ങള്‍ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത് ഇതിനാലാണ് നിരോധനം എന്നാണ് കെഎസ്ആര്‍ടിസി പത്രകുറിപ്പില്‍ പറയുന്നത്.
എല്ലാ വിഭാഗം യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ യാത്ര ഒരുക്കുക എന്നതാണ് കെഎസ്ആര്‍ടിസി ശ്രമിക്കുന്നത്. കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളില്‍ അനാരോഗ്യകരവും അസുഖകരവുമായ യാത്ര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി നിരോധനം ഏര്‍പ്പെടുത്തിയത് - പത്ര കുറിപ്പില്‍ പറയുന്നു.
പുതിയ ഉത്തരവ് ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. കൂടാതെ ബസിനുള്ളില്‍ ഇത് സംബന്ധിച്ച ഉയരുന്ന പരാതികള്‍ കണ്ടക്ടര്‍ സംയമനത്തോടെ പരിഹരിക്കാനും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നു. യാത്രക്കാരോട് സഹകരിക്കാനും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നുണ്ട്.