35 വര്‍ഷത്തെ ആത്മബന്ധത്തിനൊടുവില്‍ അപൂര്‍വമായ, വികാരനിര്‍ഭരമായ, ഒരു വിടപറയല്‍. “ഇനി അവളുടെ വളയം പിടിക്കാൻ അച്ചായനില്ല;അച്ചായനെ ഒന്നു കാണാൻ അവളും എത്തി..” കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തീര്‍ന്ന ഒരു ചിത്രത്തിന്‍റെ കുറിപ്പാണിത്.
വര്‍ഷങ്ങളായി ഓടിച്ചിരുന്ന ഡ്രൈവറുടെ സംസ്‍കാരച്ചടങ്ങിന് എത്തിയ ഒരു ബസിന്‍റെതായിരുന്നു ആ ചിത്രം. പാലാ പൂമ്മറ്റം പള്ളിനീരാക്കൽ ജോർജ്ജ് ജോസഫ് (കുഞ്ഞുമോൻ -72) എന്ന മനുഷ്യനും അദ്ദേഹം സാരഥിയായിരുന്ന ബീന എന്ന ബസും.
കോട്ടയം-അയര്‍ക്കുന്നം-മറ്റക്കര-പാലാ-റൂട്ടിലോടുന്ന ബസാണ് ബീനാ ബസ്. ദീർഘകാലം ബീന ബസിന്‍റെ സാരഥിയായിരുന്നു കുഞ്ഞുമോന്‍ ചേട്ടന്‍ എന്ന ജോർജ്ജ് ജോസഫ്. രണ്ടു ദിവസം മുൻപായിരുന്നു വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചത്. തുടർന്ന് ഇന്നലെയായിരുന്നു പൂമ്മറ്റം സെന്റ് ആന്റണീസ് ദേവാലയത്തിൽ അദ്ദേഹത്തിന്റെ സംസ്‍കാര ചടങ്ങുകള്‍. ഈ സമയത്താണ് ബസ് ട്രിപ്പ് മുടക്കി ദേവാലയത്തിൽ എത്തിയത്.
മകളെപ്പോലെ ബസിനെ സ്നേഹിച്ച ആ ഡ്രൈവറുടെ സംസ്‌കാരച്ചടങ്ങില്‍ അവസാനമായി പള്ളിക്കു മുന്നിലേക്ക് ആ ബസും എത്തിയതാണ് ആയിരങ്ങളുടെ കണ്ണു നിറച്ചത്. ചൊവ്വാഴ്ച പൂമറ്റം പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരച്ചടങ്ങ്.
കുഞ്ഞുമോന്‍ ചേട്ടന്‍ എന്നും അച്ചായന്‍ എന്നുമൊക്കെ നാട്ടുകാര്‍ വിളിക്കുന്ന ആനത്താനം പള്ളിനീരാക്കല്‍ ജോര്‍ജ് ജോസഫ് (72) 35 വര്‍ഷമാണ് 'ബീന'യ്‌ക്കൊപ്പം നിരത്തില്‍ സഞ്ചരിച്ചത്. ഇടയ്ക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവറായി ജോലിക്ക് പോയെങ്കിലും ആ ബന്ധം മുറിഞ്ഞില്ല. വിരമിച്ച ശേഷവും അച്ചായന്‍ ഈ ബസ് ഓടിക്കാന്‍ തിരികെയെത്തി.
പിരിച്ചുകയറ്റിയ മീശയും സരസമായ ഇടപെടലുംകൊണ്ട് ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിനെന്ന് നാട്ടുകാര്‍ പറയുന്നു. രോഗബാധിതനായതോടെ കഴിഞ്ഞ രണ്ടുവര്‍ഷമായി ബസ് ഓടിക്കാനായിരുന്നില്ല. പക്ഷേ വഴിപിരിയാതെ ആ ബന്ധം മരണംവരെയും തുടര്‍ന്നു. പ്രായത്തെ വെല്ലുന്ന ഊര്‍ജവും കൃത്യനിഷ്ഠയുമായിരുന്നു അച്ചായന്റെ പ്രത്യേകതയെന്ന് ബീനാ ബസിന്റെ ഉടമ ബോബി മാത്യുവും പറയുന്നു.