സ്വന്തമായി ഇലക്ട്രിക് സൈക്കിൾ നിർമിച്ച് ശ്രദ്ധേയനാവുകയാണ് 15കാരൻ. പെരിഞ്ഞനം ആർ.എം.വി.എച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും കയ്പമംഗലം മുറിത്തറ മുസ്തഫ -ബുഷറ ദമ്പതികളുടെ മകനുമായ മുസ്തക്കീൻ ആണ് ഇലക്ട്രിക് സൈക്കിൾ നിർമിച്ചത്.
ചെറുപ്പം മുതൽ വാഹനങ്ങളോട് കമ്പമുള്ളയാളാണ് മുസ്തക്കീൻ. സ്വന്തം സൈക്കിളിൽ മാറ്റം വരുത്തിയാണ് ഇലക്ട്രിക് സൈക്കിൾ നിർമിച്ചത്. വീട്ടുകാർ നൽകിയ പണംകൊണ്ട് ഓൺലൈനായാണ് മോട്ടോർ, ബാറ്ററി, സെൻസർ, സ്പീഡ് മീറ്റർ, ലോക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയത്. യൂട്യൂബിൽ നോക്കി നിർമാണവും പഠിച്ചു. നാല് ദിവസംകൊണ്ടാണ് നിർമിച്ചത്.
45 മിനിറ്റ് ചാർജ് ചെയ്താൽ മൂന്ന് കിലോമീറ്റർ സഞ്ചരിക്കാനാകും. 10,000 രൂപയാണ് ചെലവ്. മുസ്തക്കീൻ സ്കൂളിൽ പോകുന്നതും വരുന്നതും ഇപ്പോൾ ഇലക്ട്രിക് സൈക്കിളിലാണ്.