കാസർകോട്: കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷയായി അമ്മൂമ്മ. പേരക്കുട്ടി വീഴുന്നതു കണ്ട് അമ്മൂമ്മയും കിണറ്റിലേക്ക് ചാടുകയായിരുന്നു. തുടർന്ന് കുഞ്ഞിനേയും എടുത്തുകൊണ്ട് മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു നിന്നു. രാജപുരം കള്ളാർ ആടകത്ത് വെള്ളിയാഴ്ച രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. 30 അടി താള്ചയുള്ള ചതുര കിണറിൽ നിന്ന് അഗ്നി രക്ഷാ സേനയാണ് ഇരുവരേയും പുറത്തെത്തിച്ചത്.
അമ്മൂമ്മ ലീലാമ്മ പേരക്കുട്ടിയായ 3 വയസ്സുകാരി റെയ്ച്ചലുമായി അയൽപകത്തെ വീട്ടിൽ പോയതായിരുന്നു. വീട്ടുകാരുമായി സംസാരിച്ച് നിൽക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തിൽ വീഴുകയുമായിരുന്നു. ഇതു കണ്ട ലീലാമ്മ ഉടനെ പിറകെ ചാടി. കുഞ്ഞിനെയും എടുത്തുകൊണ്ട് അഗ്നി രക്ഷാ സേന വരുന്നതുവരെ മോട്ടറിന്റെ പൈപ്പിൽ പിടിച്ചു നിന്നു.
കിണറ്റിൽ എട്ട് അടി വെള്ളമുണ്ടായതിനാൽ അമ്മൂമ്മയ്ക്കും കുഞ്ഞിനും അപകടമൊന്നും സംഭവിച്ചില്ല. റെസ്ക്യൂ നെറ്റ് വഴിയാണ് രണ്ടുപേരെയും പുറത്തെത്തിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിൽ ഗ്രേഡ് എഎസ്ടിഒ സി.പി.ബെന്നി, ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ സണ്ണി ഇമ്മാനുവൽ, നന്ദകുമാർ, പ്രസീത്, റോയി, കെ.ഗോപാലകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.