കോട്ടയം: വിദ്യാര്‍ഥികളെ വൈജ്ഞാനിക ലോകത്തേക്ക് നയിക്കാൻ അക്ഷരം മ്യൂസിയത്തിനാകുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. നാട്ടകം മറിയപ്പള്ളിയില്‍ എം.സി റോഡരികിലുള്ള ഇന്ത്യ പ്രസിന്‍റെ നാലേക്കര്‍ സ്ഥലത്ത് 25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന അക്ഷരം മ്യൂസിയത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭാഷ, സാഹിത്യ, സാക്ഷരത പ്രസ്ഥാനങ്ങളുടെ ചരിത്രമുറങ്ങുന്ന കോട്ടയത്ത് പുതിയ ലോകോത്തര ചരിത്രം സൃഷ്ടിക്കാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെ ഉടമസ്ഥതയില്‍ പണികഴിപ്പിക്കുന്ന അക്ഷരം മ്യൂസിയത്തിനാകും മന്ത്രി പറഞ്ഞു. അക്ഷരം- ഭാഷ സാഹിത്യ സാംസ്‌കാരിക മ്യൂസിയത്തിന്‍റെ ശിലാഫലക അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അക്ഷരം മ്യൂസിയത്തിന്‍റെ നിര്‍മാണത്തിനായി ഒമ്പതുകോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഒമ്പതുമാസം കൊണ്ട് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. തുടര്‍ന്നുള്ള മൂന്നുഘട്ടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ലോകത്തെവിടെയും കിട്ടുന്ന അക്ഷരലിപികളെല്ലാം മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തും.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ്, കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്‍റ് അഡ്വ. പി.കെ. ഹരികുമാര്‍, സഹകരണ സംഘം അഡീഷനല്‍ രജിസ്ട്രാര്‍ (ക്രഡിറ്റ്) എം. ബിനോയ്കുമാര്‍, ജില്ല ജോയന്‍റ് രജിസ്ട്രാര്‍ (ജനറല്‍) അജിത്കുമാര്‍, സഹകരണ യൂനിയന്‍ കോട്ടയം സര്‍ക്കിള്‍ ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍, നഗരസഭാംഗം എബി കുന്നേപ്പറമ്പില്‍, ഭരണസമിതിയംഗം എം.ജി. ബാബുജി എന്നിവര്‍ പങ്കെടുത്തു.
സഹകരണ അംഗ സമാശ്വാസ ഫണ്ട് പദ്ധതി; ജില്ലയില്‍ വിതരണം ചെയ്യുന്നത് 2.78 കോടി കോട്ടയം: ഗുരുതര രോഗമുള്ളതും ജീവിതശൈലീ രോഗമുള്ളതുമായ അശരണരായ സഹകാരികള്‍ക്ക് സഹകരണ അംഗ സമാശ്വാസ പദ്ധതിപ്രകാരം സഹായം നൽകാനായി സര്‍ക്കാര്‍ 3.50 കോടി മാറ്റിവെച്ചതായി മന്ത്രി വി.എന്‍. വാസവന്‍.
സര്‍ക്കാറിന്‍റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സർവിസ് സഹകരണ സംഘങ്ങളുടെയും സര്‍ക്കിള്‍ സഹകരണ യൂനിയനുകളുടെ ഭരണസമിതി അംഗങ്ങളില്‍ അശരണരായ ഗുരുതര രോഗമുള്ളതും ജീവിതശൈലീ രോഗമുള്ളതുമായ സഹകാരികള്‍ക്ക് സഹകരണഅംഗ സമാശ്വാസ പദ്ധതിപ്രകാരം രോഗത്തിന്‍റെ കാഠിന്യമനുസരിച്ച് 50,000 രൂപ വരെ അനുവദിക്കും. സമാശ്വാസ ഫണ്ട് പദ്ധതിയില്‍ മൂന്നാം ഗഡുവായി ജില്ലക്ക് അനുവദിച്ച 2. 78 കോടി രൂപയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയില്‍ നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിപുലവും വിശാലവുമായ പദ്ധതികള്‍ നടപ്പാക്കി വരുന്നതിന്‍റെ ഭാഗമായി കലാകാരന്മാര്‍, ഭിന്നശേഷിയുള്ളവര്‍, ഫുട്‌ബാള്‍ സംഘങ്ങള്‍, യുവജനങ്ങള്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍, വനിതകള്‍ എന്നിവരുടെ പുരോഗതിക്കായി സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ചുവരുന്നു. ഇവര്‍ക്കായി വിവിധ വരുമാനദായകമായ തൊഴിലധിഷ്ഠിത പദ്ധതികള്‍ വിഭാവനം ചെയ്യും.
83 സഹകരണ സംഘങ്ങളിലെ 1366 പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. അതിരമ്പുഴ റീജനല്‍ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.പി. ദേവസ്യ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു വലിയമല, കോട്ടയം അര്‍ബന്‍ കോഓപറേറ്റിവ് ബാങ്ക് ചെയര്‍മാന്‍ ടി.ആര്‍. രഘുനാഥ്, കേരള പ്രൈമറി ക്രെഡിറ്റ് അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ. ജയകൃഷ്ണന്‍, ജോണ്‍സണ്‍ പുളിക്കിയില്‍, പി. ഹരിദാസ്, പി.കെ. ജയപ്രകാശ്, ടി.സി. വിനോദ്, കെ.കെ. സന്തോഷ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ അംഗങ്ങളില്‍നിന്നുള്ള നിക്ഷേപ സമാഹരണം സ്വീകരിച്ചു.