കോവിഡ് ചികിത്സയ്ക്കായി, ഫാർമ കമ്പനിയായ ഗ്ലെൻമാർക്ക് ഇന്ത്യയിൽ നൈട്രിക് ഓക്സൈഡ് നേസൽ സ്പ്രേ അവതരിപ്പിച്ചു. സാനോട്ടൈസുമായി ചേർന്നാണ് ഗ്ലെൻമാർക്ക് കമ്പനി നേസൽ സ്പ്രേ പുറത്തിറക്കിയത്.
ഇന്ത്യയിലെ മൂന്നാം ഘട്ട പരീക്ഷണം അവസാന ഘട്ടത്തിലാണ്. നൈട്രിക് ഓക്സൈഡ് നേസൽ സ്പ്രേ സുരക്ഷിതവും കോവിഡിൽ നിന്ന് മുക്തമാക്കുന്നതിന് സഹായകരവുമാണ്. ഗ്ലെൻമാർക്ക് ഫാബിസ്പ്രേ എന്ന ബ്രാൻഡിന് കീഴിൽ നൈട്രിക് ഓക്സൈഡ് സ്പ്രേ വിപണനം ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇന്ത്യയിലെ കോവിഡ് ചികിത്സയ്ക്കുള്ള ആദ്യത്തെ നേസൽ സ്പ്രേയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇവയാണ്:
1. നൈട്രിക് ഓക്സൈഡ് നേസൽ സ്പ്രേ (ഫാബിസ്പ്രേ) കോവിഡ് ബാധിച്ച മുതിർന്ന രോഗികളുടെ ചികിത്സയിൽ ഉപയോഗപ്രദമാകും.
2. നൈട്രിക് ഓക്സൈഡ് നാസൽ സ്പ്രേ (NONS), ശ്വാസനാളത്തിലെ കോവിഡ് വൈറസിനെ നശിപ്പിക്കാൻ ഉതകുന്നതാണ്.
3. സാർസ്-കോവ്-2-ൽ നിന്ന് നേരിട്ടുള്ള വൈറസ് ബാധയ്ക്കെതിരെയുള്ള ആന്റി-മൈക്രോബയൽ ഗുണങ്ങൾ നൈട്രിക് ഓക്സൈഡ് നേസൽ സ്പ്രേയിൽ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്.
4. നൈട്രിക് ഓക്സൈഡ് നേസൽ സ്പ്രേ വൈറസിനെതിരെ ശാരീരികവും രാസപരവുമായ പ്രതിരോധമായി പ്രവർത്തിക്കുന്നു. ഇത് ഇൻകുബേറ്റ് ചെയ്യുന്നതിൽ നിന്നും ശ്വാസകോശത്തിലേക്ക് പടരുന്നത് തടയുന്നുവെന്നും കമ്പനി അവകാശപ്പെട്ടു.
5. കോവിഡ് ബാധിതരായ മുതിർന്ന രോഗികളുടെ ചികിത്സയ്ക്കായാണ് ഫാബിസ്പ്രേ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കാരണം അവർക്ക് രോഗം മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്.
6. ഇത് രോഗികൾക്ക് ആവശ്യമായതും സമയബന്ധിതമായതുമായ തെറാപ്പി ഓപ്ഷൻ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ റോബർട്ട് ക്രോക്കാർട്ട് പറഞ്ഞു.
7. സ്പ്രേയുടെ ഇന്ത്യയിലെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ 24 മണിക്കൂറിനുള്ളിൽ 94 ശതമാനവും 48 മണിക്കൂറിനുള്ളിൽ 99 ശതമാനവും കോവിഡ് രോഗാവസ്ഥ കുറച്ചതായി കമ്പനി അവകാശപ്പെട്ടു.
8. നൈട്രിക് ഓക്സൈഡ് നേസൽ സ്‌പ്രേയ്‌ക്കായി ഗ്ലെൻമാർക്കിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് നിർമ്മാണ, വിപണന അനുമതി ലഭിച്ചു.
9. നിലവിലെ സാഹചര്യത്തിൽ, ഉയർന്ന വ്യാപനശേഷിയുള്ള പുതിയ വകഭേദങ്ങൾക്കെതിരെ കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ നൈട്രിക് ഓക്സൈഡ് നേസൽ സ്‌പ്രേ മികച്ച പിന്തുണ നൽകുമെന്ന് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ സീനിയർ വിപിയും ക്ലിനിക്കൽ ഡെവലപ്‌മെന്റ് മേധാവിയുമായ ഡോ. മോണിക്ക ടണ്ടൻ പറഞ്ഞു.
10. യുട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി യുഎസ്എയിൽ നടത്തിയ പഠനങ്ങൾ പ്രകാരം, ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, എപ്സിലോൺ വേരിയന്റ് എന്നിവയുൾപ്പെടെയുള്ള സാർസ്-കോവ്-2 വൈറസിന്റെ 99.9 ശതമാനത്തെയും നൈട്രിക് ഓക്സൈഡ് നേസൽ സ്‌പ്രേ മിനിറ്റുകൾക്കുള്ളിൽ നശിപ്പിക്കുമെന്നും ഡോ. മോണിക്ക ടണ്ടൻ വ്യക്തമാക്കി.